
വാഷിംഗ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിനെയും ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുന്നതിനെയും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ ഭരണത്തിന് കീഴിൽ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമിത ബുദ്ധിയുമായി (Artificial Intelligence – AI) ബന്ധപ്പെട്ട് മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ഒപ്പുവെച്ച എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. എഐയുടെ വിനിയോഗത്തിനുള്ള വൈറ്റ് ഹൗസ് കർമ്മ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
അമേരിക്കയുടെ സാങ്കേതിക വ്യവസായത്തിന്‍റെ വലിയൊരു ഭാഗം പിന്തുടർന്ന തീവ്ര ആഗോളവൽക്കരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് അവിശ്വാസവും വഞ്ചനയും ഉണ്ടാക്കിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നമ്മുടെ പല വലിയ സാങ്കേതിക കമ്പനികളും അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ അനുഗ്രഹങ്ങൾ ആസ്വദിക്കുമ്പോൾ തന്നെ ചിലർ ചൈനയിൽ തങ്ങളുടെ ഫാക്ടറികൾ നിർമ്മിക്കുകയും ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുകയും അയർലൻഡിൽ ലാഭം കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങൾക്കറിയാമല്ലോ ഇത്. പ്രസിഡന്‍റ് ട്രംപിന്‍റെ കീഴിൽ ആ ദിനങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എഐ മത്സരത്തിൽ വിജയിക്കാൻ സിലിക്കൺ വാലിയിലും അതിനപ്പുറവും ദേശഭക്തിയുടെയും ദേശീയ വിശ്വസ്തതയുടെയും ഒരു പുതിയ മനോഭാവം ആവശ്യമാണ്. യുഎസ് സാങ്കേതിക കമ്പനികൾ അമേരിക്കക്ക് വേണ്ടി പൂർണ്ണമായും അണിനിരക്കണം. നിങ്ങൾ അമേരിക്കക്ക് മുൻഗണന നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം. ഞങ്ങൾ ആവശ്യപ്പെടുന്നത് അത്രമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.