‘അവളുടെ ചുണ്ടുകൾ, അവ ചലിക്കുന്ന രീതി…’; പ്രസ് സെക്രട്ടറിയെ മോശം ഭാഷയിൽ പ്രശംസിച്ച് ട്രംപ്, വിമര്‍ശനം ഉയരുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ പ്രശംസ വൻ വിമർശനങ്ങൾക്കിടയാക്കി. ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളിലാണ് ട്രംപ്, ലീവിറ്റിനെ “താരമായി മാറിയവൾ”, “ചുണ്ടുകൾ മെഷീൻ ഗൺ പോലെ ചലിക്കുന്നവൾ” എന്നിങ്ങനെയുള്ള വാക്കുകളിൽ വിശേഷിപ്പിച്ചത്.

“അവൾ ഒരു താരമായി മാറി. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ ചലിക്കുന്ന രീതി. ഒരു മെഷീൻ ഗൺ പോലെയാണ് അവ ചലിക്കുന്നത്” എന്ന് ട്രംപ് പറഞ്ഞു. “അവൾ ഒരു മികച്ച വ്യക്തിയാണ്. പക്ഷേ, കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറി ആർക്കും ഉണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൾ അതിശയകരമായിരുന്നു.” എന്നാണ് ട്രംപ് പറ‌ഞ്ഞത്.

ഈ പ്രസ്താവനകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും, ട്രംപിന്റെ ഭാഷാ ഉപയോഗത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും ഉയരുകയും ചെയ്തു. സംഭവത്തിന് തുടക്കംകുറിച്ചത്, ഒരു ദിവസം മുൻപ് നടന്ന വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിലാണ്. ട്രംപിന്റെ അന്താരാഷ്ട്ര ഇടപെടലുകൾ പ്രശംസിച്ച ലീവിറ്റ്, വിവിധ വെടിനിർത്തലുകൾക്ക് മധ്യസ്ഥത വഹിച്ച അദ്ദേഹത്തിന് സമാധാന നോബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ശരാശരി ഒരു മാസത്തിൽ ഒരൊറ്റ സമാധാന ഉടമ്പടിയോ വെടിനിർത്തലോ ഉണ്ടാകുന്നുണ്ടെന്നും ലീവിറ്റ് പ്രസ്താവിച്ചിരുന്നു.

എന്നാൽ, ട്രംപിന്റെ മറുപടിയായുള്ള പ്രശംസ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. “ഇത് ജെഫ്രി എപ്സ്റ്റീനോട് സൗഹൃദം പുലർത്തുന്ന ഒരാളുടെ ഭാവനയാണോ?” എന്നടക്കമുള്ള കമന്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ പഴയ ബന്ധം അമേരിക്കൻ രാഷ്ട്രീയത്തിൽ ഏറെ വിമർശനം ക്ഷണിച്ചെടുത്തിരുന്നു.