
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വലം കൈ ആയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വാഹനങ്ങളും ഷോറൂം അടക്കമുള്ള കേന്ദ്രങ്ങളെയും ആക്രമിക്കുക എന്നത് യുഎസില്‍ പതിവായിട്ടുണ്ട്. ഇതിനെതിരെ നടപടി കടുപ്പിക്കുകയാണ് മസ്‌കിന്റെ തോഴന്‍ ട്രംപ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ടെസ്ലയ്‌ക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനും ടെസ്ല വാഹനങ്ങളുടെ പ്രീതി ഉയര്‍ത്താനും ട്രംപ് തന്നെ കഴിഞ്ഞയാഴ്ച ഒരു ടെസ്ല കാര്‍ സ്വന്തമാക്കിയിരുന്നു.
ടെസ്ല വാഹനങ്ങളെയും കേന്ദ്രങ്ങളെയും നശിപ്പിച്ചതിന് കുറ്റക്കാരായ വ്യക്തികള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എല്‍ സാല്‍വഡോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് അയയ്ക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ടെസ്ലയുടെ വസ്തുവകകള്‍ ആക്രമിച്ചതിന് മൂന്ന് പേര്‍ക്കെതിരെ നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയതിന് ശേഷമാണ് ട്രംപിന്റെ മുന്നറിയിപ്പ് എത്തിയത്.
ഇന്ന് ലോകത്തിലെ ഏറ്റവും ഭീകരമായ ജയിലുകളില്‍ ഒന്നാം സ്ഥാനം എല്‍ സാല്‍വഡോര്‍ ജയിലിനാണ്. ഇവിടുത്തെ തടവുകാരുടെ അവസ്ഥ വളരെ മോശമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതും ഇവിടെ ആണ്.