പാൽ ലഭിക്കാത്തതിനെ തുടർന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പട്ടിണിയിൽ; നടക്കുന്നത് നിശബ്ദ കൂട്ടക്കൊലയാണെന്ന് ഗാസയിലെ ഡോക്ടര്‍മാര്‍

ഗാസ: ആയിരക്കണക്കിന് നവജാത ശിശുക്കളും കുഞ്ഞുങ്ങളും പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗാസയില്‍ പട്ടിണിയില്‍. നിശബ്ദ കൂട്ടക്കൊലയാണ് നടക്കുന്നതെന്ന് ​ഗാസയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 600 ഓളം കുട്ടികള്‍ പട്ടിണിയുടെ ഏറ്റവും കടുത്ത സാഹചര്യത്തിലാണെന്ന് ഖാന്‍ യൂനുസിലെ ഡോക്ടര്‍മാരും പ്രതികരിച്ചു. അല്‍ ജസീറ ടിവിയാണ് ​ഗാസയിലെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രയേലിന്റെ ഉപരോധം കാരണം ഗാസയിലേക്ക് കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള ഫോര്‍മുല പാലുകള്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നില്ല. അമ്മമാരും പട്ടിണിയിലായതിനാല്‍ കുഞ്ഞുങ്ങളെ മുലയൂട്ടാനും സാധിക്കാത്ത സാഹചര്യമാണ് . ‘കുഞ്ഞ് പാലിന് വേണ്ടി കരയുമ്പോള്‍ എനിക്ക് മുലയൂട്ടാന്‍ പറ്റുന്നില്ല. എനിക്ക് തന്നെ വല്ലപ്പോഴുമാണ് ഭക്ഷണം ലഭിക്കുന്നത്. എവിടെയും ബേബി ഫോര്‍മുലകള്‍ ലഭിക്കുന്നില്ല, അഥവാ ലഭിച്ചാല്‍ തന്നെ വലിയ പണം ആവശ്യമായി വരുന്നുവെന്ന് ​ഗാസയിലെ ഒരു മാതാവായ സുഹ അല്‍ തവീല്‍ പറഞ്ഞു. നാലാഴ്ചയായി ഗാസയിലുണ്ടെന്നും ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഫോര്‍മുല പാല്‍ ലഭിക്കാനില്ല. വലിയ കുട്ടികള്‍ക്ക് നല്‍കാന്‍ പശുവിന്റെ പാല്‍ പോലുമില്ല. മത്സ്യമോ പ്രോട്ടീന്‍ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഹന്നാ ഗ്രേസ് പറയുന്നു.

​ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചത് മുതല്‍ കുറഞ്ഞത് 66 കുഞ്ഞുങ്ങളെങ്കിലും പട്ടിണി മൂലം മാത്രം മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ . പോഷാകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ കണക്ക് ഗാസയില്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിക്കുകയാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേയമസം, ഇസ്രയേല്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയ ആക്രമണത്തില്‍ 50 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 116 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ 463 പേര്‍ക്ക് പരിക്കേറ്റു. 2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 56,646 ത്തോളം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 1,34,105 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.