
ചിക്കാഗോ: കൂടുതൽ ദേശീയ സൈന്യത്തെയും ഫെഡറൽ ഇമിഗ്രേഷൻ ഏജൻ്റുമാരെയും വിന്യസിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകൾ ചിക്കാഗോ നഗരത്തിൽ ഒത്തുകൂടി. അമേരിക്കയിൽ തൊഴിലാളി ദിനത്തോടനുബന്ധിച്ച് നടന്ന ‘തൊഴിലാളികൾ ശതകോടീശ്വരന്മാർക്ക് മുകളിൽ’ എന്ന മുദ്രാവാക്യമുയർത്തിയ ആയിരത്തോളം പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു ഇത്.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ള ലോസ് ആഞ്ചൽസ്, വാഷിംഗ്ടൺ ഡിസി, എന്നിവിടങ്ങളിലേതുപോലെ ചിക്കാഗോയിലും കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന ഭീഷണി മുഴക്കിയതാണ് പ്രതിഷേധത്തിന് കാരണം. സമരക്കാർ മുദ്രാവാക്യങ്ങൾ വിളിക്കുകയും പാട്ടുകൾ പാടുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച മേയർ ബ്രാൻഡൺ ജോൺസൺ, ഫെഡറൽ അതിക്രമങ്ങളെ ചിക്കാഗോ ചെറുക്കുമെന്ന് പ്രഖ്യാപിച്ചു. “ഈ നഗരം രാജ്യത്തെ സംരക്ഷിക്കും,” മേയർ പറഞ്ഞു. നീലവരകളുള്ള ചിക്കാഗോയുടെ പതാക ഉയർത്തിപ്പിടിച്ച് പ്രതിഷേധക്കാർ ആർപ്പുവിളികളോടെ മേയറെ പിന്തുണച്ചു.
പ്രതിഷേധക്കാർ നഗരത്തിലൂടെ നീങ്ങുമ്പോൾ, റെസ്റ്റോറൻ്റുകളിലും കഫേകളിലുമിരുന്ന ആളുകൾ അവരെ പിന്തുണച്ചു. 5,000 മുതൽ 10,000 വരെ ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.














