
ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഛത്തീസ്ഗഢില്‍ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുകേഷ് ചന്ദ്രാകര്‍ എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. പിടിയിലായവരില്‍ രണ്ടുപേര്‍ മുകേഷിന്റെ ബന്ധുക്കളാണ്.

എന്‍ഡിടിവിയിലടക്കം വാര്‍ത്തകള്‍ നല്‍കുന്ന മുകേഷിനെ പുതുവത്സര ദിനത്തില്‍ ബിജാപൂരിലെ പൂജാരി പാരയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതാണ് അവസാനമായി കണ്ടത്. പിന്നീട് കാണാതാകുകയായിരുന്നു. അടുത്ത ദിവസം അദ്ദേഹത്തിന്റെ സഹോദരന്‍ യുകേഷ് പരാതി നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ മുകേഷിന്റെ വീട്ടില്‍ നിന്ന് വളരെ അകലെയുള്ള ഛത്തന്‍ പാറ ബസ്തിയില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. കരാറുകാരനായ സുരേഷ് ചന്ദ്രകറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനോട് ചേര്‍ന്ന സെപ്ടിക് ടാങ്കിലായിരുന്നു മൃതദേഹം.
കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന കരാറുകാരന്‍ ഒളിവിലാണ്. മുകേഷിന്റെ ബന്ധുവായ റിതേഷ് ചന്ദ്രാകറിനെ ശനിയാഴ്ച റായ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു, സൂപ്പര്‍വൈസറായ മഹേന്ദ്ര രാംടെകെ, മുകേഷിന്റെ മറ്റൊരു ബന്ധു ദിനേഷ് ചന്ദ്രാകര്‍ എന്നിവരെ ബിജാപൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു.