
വാഷിംഗ്ടൺ : യുഎസിലെ നോർത്ത് കരോലിനയിലെ റെസ്റ്റോറന്റിലുണ്ടായ മാരക വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വെടിവെപ്പിൽ നിരവധിയാളുകൾക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. വിൽമിങ്ടണിൽ നിന്ന് ഏകദേശം 20 മൈൽ തെക്കുള്ള സൗത്ത്പോർട്ട് യാച്ച് ബേസിനിലെ ഇൻട്രാകോസ്റ്റൽ വാട്ടർവേയിലുള്ള അമേരിക്കൻ ഫിഷ് കമ്പനി എന്ന റെസ്റ്റോറന്റിലാണ് വെടിവെപ്പ് നടന്നത്.
തിരിച്ചറിയാത്ത ഒരു ബോട്ട് ഡോക്കിന് സമീപം എത്തുകയും ബോട്ടിലുണ്ടായിരുന്നവർ ഭക്ഷണം കഴിക്കുകയായിരുന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യുന്നുണ്ട്. വെടിവെപ്പിന് ശേഷം ബോട്ട് സംഭവസ്ഥലത്ത് നിന്ന് വേഗത്തിൽ ഓടിച്ചുപോയി. ബോട്ടിൽ എത്തിയവർ വെടിയുതിർക്കുകയായിരുന്നുവെന്ന് സിറ്റി മാനേജർ നോഹ് സാൽഡോയും സ്ഥിരീകരിച്ചു.