
തൃശൂർ: 2017 ലെ നടി ആക്രമണ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ 3 പേർ പിടിയിൽ. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ പ്രതികൾ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ബി എൻ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തതായി തൃശൂർ പൊലീസ് അറിയിച്ചു.
ഇനി വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൃശൂർ സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. കേസിലെ വിധി വന്നതിന് പിന്നാലെ വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്നതും നിയമവിരുദ്ധവുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അതിജീവിതയുടെ പരാതിയെ തുടർന്ന് മാർട്ടിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോ ഷെയർ ചെയ്ത ലിങ്കുകളും സൈറ്റുകളും പൊലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
മാർട്ടിൻ ജാമ്യത്തിലിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമാണെന്ന് പോലീസ് വ്യക്തമാക്കി. പ്രചരണം തടയാൻ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ചിട്ടുണ്ട്. നിരവധി ലിങ്കുകളും അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്. വീഡിയോ ഷെയർ ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തുന്നത് കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പൊതുജനങ്ങൾ ഇത്തരം ഉള്ളടക്കങ്ങൾ ഷെയർ ചെയ്യരുതെന്നും പോലീസ് ആവർത്തിച്ചു. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ട്.











