സുരേഷ് ഗോപിയുടെ മാലയില്‍ പുലിപ്പല്ല് ? നോട്ടിസ് നല്‍കാന്‍ വനംവകുപ്പ്

കൊച്ചി: റാപ്പര്‍ വേടന് പിന്നാലെ പുലിവാല് പിടിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും. അദ്ദേഹം ധരിച്ച മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ വനംവകുപ്പ്. തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ച് നോട്ടിസ് നല്‍കുമെന്നാണ് വിവരം.

നേരത്തേ, റാപ്പര്‍ വേടന്‍ ധരിച്ച മാലയില്‍ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. വേടനെ അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് വനംവകുപ്പ് സുരേഷ് ഗോപിയുടെ ആഭരണം പരിശോധിക്കാന്‍ തയ്യാറെടുക്കുന്നത്. കണ്ണൂരിലും തൃശൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു പരാതിക്കാരന്‍ പറയുന്നത്. മാലയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്ന് വനംവകുപ്പ് പരിശോധിക്കും.

വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും.

More Stories from this section

family-dental
witywide