അമിതമായ ഉത്തരവിടലും പിടിവാശിയും, ട്രംപിന് വീണ്ടും മുന്നറിയിപ്പ്; ഇന്ത്യയെപ്പോലുള്ള സഖ്യകക്ഷികളെ അകറ്റരുതെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: ഇന്ത്യയെപ്പോലുള്ള സഖ്യകക്ഷികളെ അകറ്റുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. യഥാർത്ഥ നയതന്ത്ര ശ്രമങ്ങളില്ലാതെ അന്ത്യശാസനങ്ങൾ നൽകുന്നത് മഹത്വമല്ലെന്ന് അദ്ദേഹം ‘ഇ ടി വേൾഡ് ലീഡേഴ്സ് ഫോറത്തിൽ’ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിലെ നിലവിലെ പ്രശ്നങ്ങൾ നിർഭാഗ്യകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ആശങ്കയിലാണ്. പ്രസിഡന്‍റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഈ പിരിമുറുക്കം നിർഭാഗ്യകരമാണ്. പൊതുവായ താൽപ്പര്യങ്ങൾ കണ്ടെത്തുന്നതിനും സാധാരണ ബിസിനസ്സ് രീതികളിലൂടെ കാര്യങ്ങൾ ചെയ്യുന്നതിനും യഥാർത്ഥ നയതന്ത്ര ശ്രമങ്ങളില്ലാതെ, വലിയ രാഷ്ട്രങ്ങൾ എല്ലായ്‌പ്പോഴും അന്ത്യശാസനങ്ങൾ നൽകി മഹത്വം കാണിക്കുന്നില്ല,” കെറി പറഞ്ഞു.

ബാരാക് ഒബാമയുടെ ഭരണകാലത്ത് സഹകരണത്തിലൂടെയും ബഹുമാനത്തിലൂടെയുമാണ് ചർച്ചകൾ നടന്നിരുന്നതെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അമിതമായ ഉത്തരവിടലും, സമ്മർദ്ദവും, പിടിവാശിയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം അധിക തീരുവ ചുമത്തിയതിന് ശേഷമാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായത്.

More Stories from this section

family-dental
witywide