വല്ലാത്തൊരു മോഷണമായിപ്പോയി !റോളക്‌സ് വാച്ചുകളും മരതക മാലയും ഉള്‍പ്പെടെ 2 മില്യണ്‍ ഡോളറിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ രണ്ടു മിനിറ്റ് തികച്ച് വേണ്ടിവന്നില്ല- വിഡിയോ

സിയാറ്റില്‍: അമേരിക്കന്‍ നഗരമായ സിയാറ്റിലില്‍ നടന്ന ഒരു മോഷണം പൊലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. വെറും 90 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന ഒരു ജ്വല്ലറി കവര്‍ച്ചയില്‍ 2 മില്യണ്‍ ഡോളറിന്റെ വജ്രങ്ങള്‍, ആഡംബര വാച്ചുകള്‍, സ്വര്‍ണ്ണം, മറ്റ് വസ്തുക്കള്‍ എന്നിവയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വെസ്റ്റ് സിയാറ്റിലിലെ ജ്വല്ലറിയുടെ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള വീഡിയോയില്‍, മുഖംമൂടി ധരിച്ച നാല് പേര്‍ കടയിൽക്കടന്ന് ആഭരണങ്ങളിരുന്ന ഭാഗത്തെ ഗ്ലാസ് ചുറ്റിക ഉപയോഗിച്ച് തകര്‍ക്കുകയും തുടര്‍ന്ന് അതിവേഗത്തില്‍ മോഷണം നടത്തി പോകുന്നതും കാണാം. ആറ് ഡിസ്‌പ്ലേ കേസുകളാണ് കൊള്ളയടിച്ചത്. ഏകദേശം 750,000 ഡോളര്‍ വിലമതിക്കുന്ന റോളക്‌സ് വാച്ചുകള്‍, 125,000 ഡോളര്‍ വിലമതിക്കുന്ന ഒരു മരതക മാല എന്നിവ അടക്കമാണ് തസ്‌കര വീരന്മാര്‍ കവര്‍ന്നത്.

കടയിലുണ്ടായിരുന്ന തൊഴിലാളികളെ ബിയര്‍ സ്‌പ്രേയും ടേസറും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രക്ഷപെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

More Stories from this section

family-dental
witywide