
വാഷിംഗ്ടൺ: ലാറ്റിൻ അമേരിക്കയിലെ യുഎസ് സൈനിക വിഭാഗത്തെ നയിക്കുന്ന അഡ്മിറൽ ആൽവിൻ ഹോൾസെ കാലാവധി തീരുന്നതിന് രണ്ട് വർഷം മുമ്പ് സ്ഥാനമൊഴിയുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. വെനിസ്വേലയുമായി സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ അപ്രതീക്ഷിത നീക്കം ശ്രദ്ധേയമാണ്. ഓപ്പറേഷനുകളുടെ പേരിൽ അഡ്മിറൽ ഹോൾസെയും ഹെഗ്സെത്തും തമ്മിൽ കരീബിയൻ മേഖലയിലെ പ്രവർത്തനങ്ങളെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് സംസാരിച്ച വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹത്തെ പുറത്താക്കിയേക്കുമോ എന്ന ചോദ്യങ്ങളുണ്ടായിരുന്നു.
യുഎസും വെനിസ്വേലയും തമ്മിൽ ഒരു ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, ഹോൾസെയുടെ ഈ അപ്രതീക്ഷിത രാജി പ്രശ്നങ്ങളുണ്ടാക്കുമെന്ന് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയിലെ ഉന്നത ഡെമോക്രാറ്റ് നേതാവ് സെനറ്റർ ജാക്ക് റീഡ് അഭിപ്രായപ്പെട്ടു. “അഡ്മിറൽ ഹോൾസെയുടെ രാജി എന്റെ ആശങ്കകൾ വർദ്ധിപ്പിക്കുന്നു. മുൻ യുഎസ് സൈനിക നീക്കങ്ങളിൽ നിന്ന് ലഭിച്ച പാഠങ്ങളും ഞങ്ങളുടെ ഏറ്റവും അനുഭവസമ്പന്നരായ സൈനികരുടെ ഉപദേശങ്ങളും ഈ ഭരണകൂടം അവഗണിക്കുന്നുണ്ടോ എന്ന് ഞാൻ ഭയപ്പെടുന്നു,” റീഡ് പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് കോംബാറ്റന്റ് കമാൻഡിനെ നയിക്കുന്ന രണ്ട് കറുത്തവർഗ്ഗക്കാരായ ഫോർ-സ്റ്റാർ ഓഫീസർമാരിൽ ഒരാളാണ് ഹോൾസെ. എന്നാൽ അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണം ഹെഗ്സെത്ത് സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല. ഡിസംബർ 12-ന് താൻ വിരമിക്കുമെന്ന് ‘എക്‌സി’ലൂടെ അറിയിച്ച ഹോൾസെ, കാരണങ്ങൾ വ്യക്തമാക്കിയില്ല. “37 വർഷത്തിലേറെയായി നമ്മുടെ രാജ്യത്തെയും അമേരിക്കൻ ജനതയെയും സേവിക്കാനും ഭരണഘടനയെ പിന്തുണയ്ക്കാനും പ്രതിരോധിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണ്,” അദ്ദേഹം കുറിച്ചു.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെനിസ്വേലൻ സർക്കാരുമായുള്ള തർക്കം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, എഫ്-35 യുദ്ധവിമാനങ്ങൾ, ഒരു ആണവ അന്തർവാഹിനി, ഏകദേശം 6,500 സൈനികർ എന്നിവ ഉൾപ്പെടെയുള്ള വൻ സൈനിക വിന്യാസം കരീബിയൻ മേഖലയിൽ നടത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഹോൾസെയുടെ ഈ രാജി എന്നത് ശ്രദ്ധേയമാണ്.