
വാഷിംഗ്ടണ്‍ : വെള്ളിയാഴ്ച മുതല്‍ യുഎസിലുടനീളം വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 27 പേര്‍ മരിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങള്‍. മിസ്സോറിയിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത്, ഇവിടെ കുറഞ്ഞത് 12 പേര്‍ മരിച്ചു.
അതേസമയം, വെള്ളിയാഴ്ച കന്‍സസില്‍ ഒരു ഹൈവേയില്‍ 50 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് മരണസംഖ്യ ഉയര്‍ന്നത്.
ശനിയാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ കൂടുതല്‍ രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബി ദുരന്ത നിവാരണ ഫണ്ടായി 2,50,000 ഡോളര്‍ അനുവദിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.