ഐപിഎല്‍ വിജയാഘോഷത്തിനിടയിലെ ദുരന്തം : മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം നല്‍കും, പുതിയ പ്രഖ്യാപനവുമായി ആര്‍സിബി

ബെംഗളൂരു: ഇക്കഴിഞ്ഞ ജൂണ്‍ 5ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി). ആദ്യം പത്തുലക്ഷം രൂപവീതമായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. പിന്നാലെയാണ് ഇപ്പോള്‍ 25 ലക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്.

”2025 ജൂണ്‍ 4 ന് ഞങ്ങളുടെ ഹൃദയം തകര്‍ന്നു. ആര്‍സിബി കുടുംബത്തിലെ പതിനൊന്ന് അംഗങ്ങളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അവര്‍ ഞങ്ങളുടെ ഭാഗമായിരുന്നു. ഞങ്ങളുടെ നഗരത്തെയും, ഞങ്ങളുടെ സമൂഹത്തെയും, ഞങ്ങളുടെ ടീമിനെയും അതുല്യമാക്കുന്നതിന്റെ ഒരു ഭാഗം. അവരുടെ അഭാവം ഞങ്ങളുടെ ഓരോരുത്തരുടെയും ഓര്‍മ്മകളില്‍ പ്രതിധ്വനിക്കും. അവര്‍ അവശേഷിപ്പിച്ച വിടവ് എത്ര പിന്തുണ നല്‍കിയാലും ഒരിക്കലും നികത്താനാവില്ല. എന്നാല്‍ ഏറ്റവും വലിയ ആദരവോടെ, ആര്‍സിബി അവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുന്നു.” – ആര്‍സിബി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് രജത് പട്ടീദറിന്റെ നേതൃത്വത്തില്‍ ആര്‍സിബി അവരുടെ കന്നി ഐപിഎല്‍ കിരീടം നേടിയിരുന്നു. ഇതിന്റെ വിജയാഘോഷം സംഘടിപ്പിച്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തായിരുന്നു ദുരന്തം സംഭവിച്ചത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ആര്‍സിബി ഐപിഎല്‍ വിജയം നേടിയത്. ഇതിന്റെ വിജയാഘോഷത്തിനായി ആര്‍സിബി താരങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തി. വേദിക്കുള്ളില്‍ ആഘോഷങ്ങള്‍ നടക്കവെയാണ് പുറത്ത് ദുരന്തമുണ്ടായത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് താരങ്ങളെത്തിയത്.

More Stories from this section

family-dental
witywide