രക്ഷാപ്രവര്‍ത്തനത്തിനിടെ കൊട്ടാരക്കരയില്‍ ദാരുണാപകടം ; കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അടക്കം 3 മരണം

കൊട്ടാരക്കര : കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത ദാരുണ അപകടത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അടക്കം 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍, നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയര്‍ഫോഴ്‌സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ വരുന്നത്. 80 അടി താഴ്ചയുള്ള കിണറ്റിലേക്ക് അര്‍ച്ചന എന്ന യുവതി ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ അര്‍ച്ചനയുടെ രണ്ട് കുട്ടികള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു. അമ്മ കിണറ്റില്‍ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ത്തന്നെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കിണര്‍ കാട്ടിക്കൊടുത്തത്. തുടര്‍ന്ന് ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങി യുവതിയെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയത്ത് കിണറ്റിന്റെ അരുകില്‍ നില്‍ക്കുകയായിരുന്ന അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു.

ശിവകൃഷ്ണനും അര്‍ച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നും താമസമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.

More Stories from this section

family-dental
witywide