ട്രംപിന് 100 ശതമാനം പിന്തുണ കൊടുത്ത പാകിസ്ഥാനും അറബ് രാജ്യങ്ങളും വെട്ടിൽ; ‘ഒറ്റുകാർ’ എന്ന് വിമർശനം, രോഷമുയരുന്നു

ലഹോർ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്ക് പിന്തുണ നൽകിയ പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങൾ കടുത്ത ജനരോഷം നേരിടുന്നു. ‘ഉമ്മത്തിന്റെ’ (മുസ്ലീം സമൂഹം) സംരക്ഷകരായി സ്വയം അവകാശപ്പെടുന്ന ഈ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. പലസ്തീൻ പ്രശ്‌നത്തെ ‘ഒറ്റിക്കൊടുത്തവർ’ എന്നും ‘ചതിച്ചവർ’ എന്നുമാണ് അറബ്-ഇസ്ലാമിക ലോകത്തെ നേതാക്കൾ ഇപ്പോൾ മുദ്രകുത്തപ്പെടുന്നത്. പലസ്തീൻ പരമാധികാരം ഇല്ലാതാക്കുകയും ഇസ്രായേലിന്റെ സുരക്ഷാ അതിർത്തികളെ നിയമപരമായി അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് ഈ കരാറിനെതിരെ ഉയരുന്ന പ്രധാന വിമർശനം.

ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാത്ത മുസ്ലീം രാജ്യങ്ങൾ ഈ പദ്ധതിക്ക് പിന്തുണ നൽകുന്നതിലൂടെ ഇസ്രായേലിൻ്റെ നിലനിൽപ്പിനെ അംഗീകരിച്ചു എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പാകിസ്ഥാനിൽ, സർക്കാരിന്റെ ഈ ‘അംഗീകാരം’ രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരിൽ നിന്ന് ഒരുപോലെ വിമർശനം നേരിടുകയാണ്. ഇത് ഇസ്രായേലിന് അനുകൂലമായ കീഴടങ്ങലാണെന്നാണ് അവർ വിശേഷിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിലെയും പാകിസ്ഥാനിലെയും വിദേശകാര്യ മന്ത്രിമാർ ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത് പ്രതിഷേധത്തിന് തിരികൊളുത്തി. പാകിസ്ഥാനിൽ “#MuslimUmmah” എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡിംഗാകുകയും, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി ആസിം മുനീറും ഇസ്രായേലിന് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന രീതിയിലുള്ള എഐ ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു.

ഈ കരാർ അംഗീകരിക്കാൻ ഹമാസിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിലൂടെ, അറബ്, മുസ്ലീം നേതാക്കൾ പലസ്തീൻ പ്രശ്നത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് യുകെ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ റോഷൻ എം സാലിഹ് ഉൾപ്പെടെയുള്ളവർ വിമർശിച്ചു. പദ്ധതിക്ക് ഷെരീഫും മുനീറും 100 ശതമാനം പിന്തുണ നൽകിയെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടെങ്കിലും, പിന്നീട് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, “ഈ രേഖ യുഎസിൻ്റേതാണ്, ഞങ്ങളുടേതല്ല” എന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചു. അറബ്-മുസ്ലീം രാജ്യങ്ങൾ അംഗീകരിച്ച കരാറിൽ നിന്ന് വ്യത്യസ്തമായി, അവസാന നിമിഷം ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇടപെടൽ മൂലം പദ്ധതിക്ക് മാറ്റങ്ങൾ വരുത്തിയെന്ന ആക്സിയോസ് റിപ്പോർട്ടും പൊതുജനങ്ങളുടെ രോഷം വർദ്ധിപ്പിച്ചു.

More Stories from this section

family-dental
witywide