2,000 എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ്, വരാൻ പോകുന്ന ഗുരുതര സാഹചര്യം തുറന്ന് പറഞ്ഞ് ഗതാഗത സെക്രട്ടറി; ‘അവധിക്കാല യാത്രയെ ബാധിക്കും’

വാഷിംഗ്ടൺ: നിലവിലെ ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ തുടരുകയാണെങ്കിൽ, അത് അവധിക്കാല യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗതാഗത വകുപ്പ് സെക്രട്ടറി ഷോൺ ഡഫി മുന്നറിയിപ്പ് നൽകി. “നമുക്ക് 2,000 എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുണ്ടെന്ന് നിങ്ങൾക്കറിയാം,” ഡഫി ഇന്ന് ഫോക്സ് ന്യൂസിനോട് പറഞ്ഞു. “ഞാൻ ആ കുറവ് നികത്താൻ ശ്രമിക്കുകയാണ്, പക്ഷേ ഈ ഷട്ട്ഡൗൺ കാരണം സർക്കാർ പൂർണ്ണമായി പ്രവർത്തിക്കേണ്ടതുണ്ട്. ഡെമോക്രാറ്റുകൾ ആ കുറവ് നികത്താൻ പണം നൽകാത്തതുകൊണ്ട് അത് സാധ്യമാകുന്നില്ല. അതുകൊണ്ട് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളം സ്റ്റാഫ് കുറവിന് കാരണമായിക്കൊണ്ട് എയർ ട്രാഫിക് കൺട്രോളർമാർ ജോലിക്ക് ഹാജരാവാതിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ജീവനക്കാരെപ്പോലെ, കൺട്രോളർമാരും അത്യാവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുന്നവരായതിനാൽ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഷട്ട്ഡൗൺ ആരംഭിച്ച ശേഷം കൺട്രോളർമാർക്ക് ശമ്പളം പൂർണ്ണമായി ലഭിക്കാതെ വരുന്ന ആദ്യ ദിവസമാണ് ഇന്ന്.

അതേസമയം, നിലവിലെ സർക്കാർ ഷട്ട്ഡൗൺ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചർച്ചകളിൽ ഇടപെടുന്നതുവരെ അവസാനിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് സെനറ്റിലെ ഡെമോക്രാറ്റുകൾ. പ്രസിഡന്‍റിന്‍റെ അംഗീകാരമില്ലാതെ ചർച്ചകൾ നടത്താനുള്ള സെനറ്റ് റിപ്പബ്ലിക്കൻമാരുടെ കഴിവിൽ ഡെമോക്രാറ്റുകൾക്കുള്ള വിശ്വാസമില്ലായ്മയാണ് ഇത് അടിവരയിടുന്നത്. “റിപ്പബ്ലിക്കൻമാർ അദ്ദേഹത്തെ (ട്രംപിനെ) പിന്തുടരുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ അവർ ഒന്നും ചെയ്യുന്നില്ല. അതിനാൽ അദ്ദേഹമില്ലാതെ ഇത് പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” സെനറ്റർ മാർക്ക് കെല്ലി പറഞ്ഞു.

More Stories from this section

family-dental
witywide