ട്രംപിന്‍റെ ക്രിസ്മസ് സമ്മാനം, 1,776 ഡോളർ വീതം നൽകുമെന്ന് വമ്പൻ പ്രഖ്യാപനം; യുഎസ് സൈനികർക്ക് രാജ്യത്തിന്‍റെ ആദരം

വാഷിംഗ്ടൺ: അമേരിക്കൻ സൈനികർക്ക് ക്രിസ്മസ് സമ്മാനമായി 1,776 ഡോളർ (ഏകദേശം 1.5 ലക്ഷം ഇന്ത്യൻ രൂപ) വീതം നൽകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ വർഷമായ 1776-നോടുള്ള ആദരസൂചകമായി ‘വാരിയർ ഡിവിഡന്റ്’ എന്നാണ് ഈ പേയ്മെന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ സുപ്രധാന പ്രഖ്യാപനം.

ഏകദേശം 14,50,000 സൈനികർക്ക് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും ഇതിനായുള്ള ചെക്കുകൾ അയച്ചുതുടങ്ങിയെന്നും ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി വഴി സർക്കാരിന് ലഭിച്ച വരുമാനമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. “നമ്മുടെ സൈനികരേക്കാൾ കൂടുതൽ ഇത് അർഹിക്കുന്ന മറ്റാരുമില്ല,” ട്രംപ് പറഞ്ഞു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദ്ദേശപ്രകാരം ഏകദേശം 2.6 ബില്യൺ ഡോളറാണ് ഇതിനായി പെന്‍റഗൺ അനുവദിച്ചിരിക്കുന്നത്. ‘ബേസിക് അലവൻസ് ഫോർ ഹൗസിംഗ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഒറ്റത്തവണ ആനുകൂല്യമായാണ് തുക നൽകുന്നത്. ആക്ടീവ് സർവീസിലുള്ള 12.8 ലക്ഷം അംഗങ്ങൾക്കും റിസർവ് വിഭാഗത്തിലുള്ള 1.74 ലക്ഷം പേർക്കും ഇതിന്റെ ഗുണം ലഭിക്കും. സൈനികരുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ട്രംപ് ഭരണകൂടം അടുത്തിടെ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്’ എന്ന പേര് മാറ്റി ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ’ എന്ന് പുനർനാമകരണം ചെയ്തിരുന്നു.

More Stories from this section

family-dental
witywide