
ഒട്ടാവ: കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുന്നതിനായി കിണഞ്ഞ് ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കാനഡയെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയുടെ ധാതുക്കളെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ട്രംപിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ കൈവശം എത്ര നിര്‍ണായക ധാതുക്കള്‍ ഉണ്ടെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം അതുകൊണ്ടാണ് നമ്മെ 51-ാമത്തെ സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നത്’ എന്ന് അദ്ദേഹം അടച്ചിട്ട മുറിയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ കനേഡിയന്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത ബിസിനസ്, തൊഴിലാളി നേതാക്കളുടെ ഉച്ചകോടിയിലാണ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഈ പ്രതികരണം നടത്തിയത്.