
വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേം അദ്ദേഹത്തിന്റെ ആദ്യത്തേത് പോലെയായിരിക്കില്ലാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇക്കുറി അധികാരത്തിലേറും മുമ്പേ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. തന്റെ ഭരണകൂടത്തിന്‍െഭാഗമാകാന്‍ ട്രംപ് ഒരു ടീമിനെ തയ്യാറാക്കുന്നതും അതിലേക്ക് ആരെയൊക്കെ തിരഞ്ഞെടുക്കുന്നുവെന്നും ലോകം കണ്ടുകൊണ്ടിരിക്കുകയാണ്.

ട്രംപ് തന്റെ ആദ്യ ടേമില്‍ വാഷിംഗ്ടണില്‍ അധികാരത്തില്‍ ഒരു ‘കുട്ടി’യായിരുന്നെങ്കില്‍ ഇപ്പോള്‍ നഗരത്തിന്റെ കഠിനമായ ഇടനാഴികളിലൂടെ സഞ്ചരിക്കാനും തനിക്ക് ആവശ്യമുള്ളത് നേടാനും അദ്ദേഹം ‘പഠിച്ചുവളര്‍ന്നിരിക്കുന്നു’. ട്രംപ് 1.0 വാഷിംഗ്ടണ്‍ ഇന്‍സൈഡര്‍മാര്‍, സൈനിക നേതാക്കള്‍, ഉയര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവരുടെ സംഘത്തിനൊപ്പമായിരുന്നെങ്കില്‍, ഇത്തവണ, തീവ്ര വലതുപക്ഷത്തിന്റെ പാദസേവകരാണ് ചുറ്റുമുള്ളത്.
രണ്ടാം ടേമില്‍ താന്‍ അധിക ശ്രദ്ധകൊടുക്കുന്നതും ആദ്യം ചെയ്യാന്‍ പോകുന്നതുമായ ചില കാര്യങ്ങള്‍ ട്രംപ് പ്രചാരണ വേളയില്‍ത്തന്നെ പലവട്ടം വ്യക്തമാക്കിയിരുന്നു. അക്കൂട്ടത്തില്‍ കൂട്ട നാടുകടത്തല്‍, എല്‍ജിബിടിക്യു+ അവകാശങ്ങള്‍ തടയല്‍, ഗര്‍ഭനിരോധനവും ഗര്‍ഭഛിദ്രവും കഴിയുന്നത്ര കടുപ്പമുള്ളതാക്കുക എന്നിങ്ങനെയുള്ള വലിയ മാറ്റങ്ങളിലൂടെ കടന്നുപോകാനാണ് ട്രംപ് ഉറപ്പിക്കുന്നത്. എന്നാല്‍ ട്രംപിനും അദ്ദേഹത്തിന്റെ വലത് പക്ഷക്കാര്‍ക്കും ഇതിനെല്ലാം കഴിയുമോ? എന്ന ചോദ്യം ബോക്കിയാകുന്നു.
എന്തായാലും ഡോണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേം അദ്ദേഹത്തിന്റെ ആദ്യത്തേത് പോലെയായിരിക്കില്ല എന്ന് എല്ലാവര്‍ക്കും ഉറപ്പാണ്.

അമേരിക്കയുടെ കാര്യം അവിടെ നില്‍ക്കട്ടെ, ഇന്ത്യയ്ക്ക് ട്രംപ് എങ്ങനെയായിരിക്കും? ഇന്ത്യയുടെ കാര്യത്തില്‍, നമ്മുടെ സ്വന്തം ഇറക്കുമതി തീരുവയ്ക്ക് എതിരായി ട്രംപ് താരിഫുകള്‍ ചുമത്താനുള്ള സാധ്യതയുണ്ട്. അതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ ട്രംപ് ആഴ്ചകള്‍ക്കുമുമ്പ് നടത്തിയിട്ടുമുണ്ട്.
ന്യൂയോര്‍ക്കില്‍ ഖാലിസ്ഥാന്‍ അനുകൂല നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ഒരു ഇന്ത്യന്‍ പൗരനെതിരെ ചുമത്തിയ കേസും ഉണ്ട്. സൗഹൃദ രാജ്യങ്ങള്‍ യുഎസില്‍ കൊലപാതകങ്ങള്‍ നടത്താന്‍ പാടില്ലെന്നതുകൊണ്ട് ഇക്കാര്യത്തിലെ ട്രംപിന്റെ നീക്കവും ഇന്ത്യക്ക് നിര്‍ണായകമാണ്.

ഇനി ആഗോള തലത്തില്‍ , റഷ്യയുടെ പുടിനോടുള്ള ട്രംപിന്റെ ആദരവ് കണക്കിലെടുക്കുമ്പോള്‍, യുക്രെയിനിനുള്ള പിന്തുണയുടെ കാര്യത്തില്‍ യുഎസ് എടുക്കുന്ന നിലപാട് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കാം. യുക്രെയിനിനുള്ള പിന്തുണ ട്രംപ് പിന്‍വലിക്കുമോ എന്നത് ലോകം ഉറ്റുനോക്കുന്നുണ്ട്.
ട്രംപ് ഭരണത്തില്‍ ഇസ്രയേലിനോടും ഗാസയോടുമുള്ള സമീപനം പ്രവചനാതീതമായ വഴികളിലൂടെയാണിപ്പോള്‍. ട്രംപ് യുഎസ് നയത്തെ മാറ്റിമറിച്ചേക്കാമെന്നും ചിലരെങ്കിലും കരുതുന്നുണ്ട്. എന്തായാലും ഈ മാസത്തിന്റെ രണ്ടാം പകുതിയില്‍ അമേരിക്ക പുതിയ പ്രസിഡന്റിനെ സ്ഥാനാരോഹണം ചെയ്യും. അധികാര കസേരയിലേക്ക് തിരികെ എത്തുന്ന ശക്തനായ ട്രംപ് ഇനി എന്തൊക്കെ നീക്കങ്ങള്‍ നടത്തുന്നുവെന്നത് കാത്തിരുന്നു കാണാം.