
വാഷിംഗ്ടൺ: ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രയോഗം യുഎസ് സുപ്രീം കോടതിയിൽ നിശിതമായ ചോദ്യം ചെയ്യപ്പെട്ടു.
അമേരിക്കയുടെ ഉൽപ്പാദന അടിത്തറ പുനഃസ്ഥാപിക്കുന്നതിനും വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഇറക്കുമതി തീരുവകൾ ആവശ്യമാണെന്ന പ്രസിഡന്റിൻ്റെ വാദത്തിൽ ഭൂരിപക്ഷം ജഡ്ജിമാരും സംശയം പ്രകടിപ്പിച്ചു. ആഗോള താരിഫുകൾക്കെതിരെ സുപ്രീം കോടതിയിൽ നടന്ന വാദങ്ങളുടെ ആദ്യഘട്ടത്തിൽ, ഗവ, അഭിഭാഷകന് ജസ്റ്റിസുമാരിൽ നിന്ന് കടുത്ത സംശയം നേരിടേണ്ടി വന്നു. ഇത് ഭരണകൂടത്തിന് പ്രശ്നകരമായ സൂചനയാണ് നൽകുന്നത്. ട്രംപിന് അടിയന്തര താരിഫുകൾ ചുമത്താൻ നിയമപരമായി അധികാരം നൽകുന്നുണ്ടോ എന്നതടക്കമുള്ള നിരവധി വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സും ജസ്റ്റിസ് ആമി കോണി ബാരറ്റും ഭരണകൂടത്തെ ശക്തമായി ചോദ്യം ചെയ്തു.
പ്രസിഡൻ്റിന് ഇറക്കുമതിയെ നിയന്ത്രിക്കാൻ അനുമതി നൽകുന്ന നിയമത്തിലെ ഭാഷാ പ്രയോഗം, ഇറക്കുമതി തീരുവകളെ ന്യായീകരിക്കാൻ തക്ക വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സർക്കാരിൻ്റെ പ്രധാന വാദങ്ങളെ തള്ളി. അതേസമയം, നിയന്ത്രിക്കുക എന്ന പദത്തിന് കീഴിൽ വിപുലമായ താരിഫുകൾ ഉൾപ്പെടുമെന്ന് കോടതി എപ്പോഴെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ടോ എന്ന് ജസ്റ്റിസ് ബാരറ്റ്, സോളിസിറ്റർ ജനറൽ ഡി. ജോൺ സൗറിനോട് ചോദിച്ചു.
നിയമത്തിൽ മുൻപ് നിലവിലുണ്ടായിരുന്ന ഒരു വ്യവസ്ഥ ഉപയോഗിച്ച് താരിഫ് ചുമത്താൻ മുൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സണെ കോടതികൾ അനുവദിച്ചിരുന്നു എന്ന ഭരണകൂടത്തിൻ്റെ ചരിത്രപരമായ വാദത്തെക്കുറിച്ച് ജസ്റ്റിസ് ബ്രെറ്റ് കവനോയും സംശയം പ്രകടിപ്പിച്ചു.











