
വാഷിംഗ്ടൺ: ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഓട്ടിസത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ദി വാഷിംഗ്ടൺ പോസ്റ്റ്’, ‘പൊളിറ്റിക്കോ’ എന്നീ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഗർഭകാലത്ത് പാരസെറ്റമോൾ സുരക്ഷിതമാണെന്ന് മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതായി ‘ദി പോസ്റ്റ്’ റിപ്പോർട്ടിൽ പറയുന്നു.
അസെറ്റാമിനോഫെൻ എന്ന പ്രധാന ഘടകമുള്ള ഒരു സാധാരണ വേദനസംഹാരിയാണ് പാരസെറ്റമോൾ. ‘ടൈലനോൾ’ എന്നും ഇത് അറിയപ്പെടുന്നു. “ഗർഭകാലത്ത് ടൈലനോൾ ഉപയോഗിക്കുന്നത് ഓട്ടിസത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും, ഉയർന്ന പനിയുള്ളപ്പോൾ മാത്രം ഇത് ഉപയോഗിക്കാൻ ഗർഭിണികളോട് നിർദ്ദേശിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കാൻ പദ്ധതിയിടുന്നു,” രണ്ട് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
യുഎസിൽ ഓട്ടിസം “പൂർണ്ണമായും നിയന്ത്രണാതീതമായിരിക്കുകയാണെന്നും”, “നമുക്ക് അതിന് ഒരു കാരണം ഉണ്ടാകാം” എന്നും വെള്ളിയാഴ്ച ട്രംപ് പറഞ്ഞു. ഇതുവരെ, ഗർഭകാലത്ത് ടൈലനോൾ സുരക്ഷിതമാണെന്നാണ് മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത്. കൺസർവേറ്റീവ് പ്രവർത്തകൻ ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ വെച്ച് ട്രംപ് ഇത് പ്രഖ്യാപിച്ചേക്കാമെന്ന് സൂചിപ്പിച്ചിരുന്നു. “ഞങ്ങൾ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായിരിക്കും ഈ പ്രഖ്യാപനം,” ശനിയാഴ്ച അദ്ദേഹം പറഞ്ഞു.
ഗർഭകാലത്ത് പാരസെറ്റമോൾ അല്ലെങ്കിൽ ടൈലനോൾ ഉപയോഗിക്കുന്നതും ഓട്ടിസം സ്പെക്ട്രം ഡിസോർഡറും തമ്മിലുള്ള ബന്ധം യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ പ്രഖ്യാപിക്കാൻ പദ്ധതിയിടുന്നതായി സെപ്റ്റംബറിൽ ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിരുന്നു.















