യുഎസ് പൗരത്വം കിട്ടണോ? ഇനി കാര്യങ്ങൾ അത്ര എളുപ്പമല്ല, നല്ല സ്വഭാവം അല്ലെങ്കിൽ പണികിട്ടും; പരിശോധന കർശനമാക്കി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന നിയമപരമായ കുടിയേറ്റക്കാർക്ക് കർശനമായ പരിശോധന ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് ഭരണകൂടം പുതിയ നിർദ്ദേശം പുറത്തിറക്കി. രാജ്യത്തിൻ്റെ നിയമപരമായ കുടിയേറ്റ സംവിധാനം കൈകാര്യം ചെയ്യുന്ന യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) വെള്ളിയാഴ്ചയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
പൗരത്വം ലഭിക്കുന്നതിനുള്ള ‘നല്ല ധാർമ്മിക സ്വഭാവം’ (good moral character) എന്ന ആവശ്യകത വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥർ കൂടുതൽ ഘടകങ്ങൾ പരിഗണിക്കണമെന്ന് യുഎസ്സിഐഎസ് ഉത്തരവിട്ടു.

ഗ്രീൻ കാർഡ് ഉടമകൾക്ക് അവരുടെ കേസനുസരിച്ച് മൂന്നോ അഞ്ചോ വർഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം. ഇംഗ്ലീഷ്, പൗരധർമ്മം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷകൾക്ക് പുറമെ, അവർ ‘നല്ല ധാർമ്മിക സ്വഭാവം’ പ്രകടിപ്പിക്കണം. സാധാരണയായി ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ, മയക്കുമരുന്ന് ഉപയോഗം, മദ്യപാനം പോലുള്ള നിയമലംഘനങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചാണ് ഇത് വിലയിരുത്തുന്നത്.

ക്രിമിനൽ രേഖകൾ പരിശോധിക്കുന്നതിനപ്പുറം സമഗ്രമായ ഒരു വിലയിരുത്തൽ നടത്താൻ പുതിയ നയം ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നു. ഒരു തെറ്റും ചെയ്യാത്ത വ്യക്തിയാണോ എന്ന് മാത്രം പരിശോധിച്ചാൽ പോരാ എന്ന് മെമ്മോയിൽ കൃത്യമായി പറയുന്നുണ്ട്. പകരം സമൂഹത്തിൽ നിന്നുള്ള പ്രതീക്ഷകളും നല്ല സംഭാവനകളും പരിഗണിക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നു. സമൂഹത്തിന് വേണ്ടിയുള്ള സേവനം, ഉത്തരവാദിത്തമുള്ള ജോലികൾ, വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, സ്ഥിരമായ തൊഴിൽ, കൃത്യമായ നികുതി അടയ്ക്കൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ദീർഘകാല താമസം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ പുതിയ നിർദ്ദേശം ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നു.

More Stories from this section

family-dental
witywide