
വാഷിംഗ്ടൺ: വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കിയില്ലെങ്കിൽ കാലിഫോർണിയ, വാഷിംഗ്ടൺ, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫെഡറൽ ഫണ്ടുകൾ തടഞ്ഞുവെച്ചേക്കുമെന്ന് യുഎസ് ഗതാഗത വകുപ്പ് അറിയിച്ചു. നിയമപരമായ തൊഴിൽ അനുമതിയില്ലാത്ത ഇന്ത്യൻ ഡ്രൈവർ ഉൾപ്പെട്ട അപകടത്തെത്തുടർന്നാണ് ഈ നീക്കം.
ഗതാഗത സെക്രട്ടറി ഷോൺ ഡഫി മൂന്ന് സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 30 ദിവസത്തിനകം നിയമങ്ങൾ കർശനമാക്കാത്തപക്ഷം ഏകദേശം 50 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നഷ്ടപ്പെട്ടേക്കാം. കാലിഫോർണിയക്ക് 33 ദശലക്ഷം ഡോളറും, വാഷിംഗ്ടണിന് 10.5 ദശലക്ഷം ഡോളറും, ന്യൂ മെക്സിക്കോക്ക് 7 ദശലക്ഷം ഡോളറും വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 12-ന് ഫ്ലോറിഡ ഹൈവേയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ അപകടത്തെ തുടർന്നാണ് ഈ തീരുമാനം. ഇന്ത്യൻ പൗരനായ ഹർജീന്ദർ സിംഗ് ‘ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന’ സ്ഥലത്ത് കൂടി നിയമവിരുദ്ധമായി യു-ടേൺ എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണം. 2018-ൽ മെക്സിക്കോ വഴി യുഎസിലേക്ക് പ്രവേശിച്ച സിംഗിന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു. കൂടാതെ, വാണിജ്യ ഡ്രൈവറായി ജോലി ചെയ്യാനുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ഫെഡറൽ, ഫ്ലോറിഡ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ മൂന്ന് നരഹത്യാക്കുറ്റങ്ങളും കുടിയേറ്റ നിയമ ലംഘനങ്ങളും ചുമത്തിയിട്ടുണ്ട്.