
വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള വിവാദ നടപടികൾ തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സ്റ്റുഡന്റ് വിസകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും എത്ര കാലം രാജ്യത്ത് തങ്ങാനാകുമെന്നത് പുനര്‍നിശ്ചയിക്കാന്‍ കഴിയുന്ന വിവാദ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാമാണ് ഈ നീക്കവും.
നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് വിസ കാലപരിധിയും ഏര്‍പ്പെടുത്തുന്നത്. തന്റെ ആദ്യ ഭരണകാലത്ത് ട്രംപ് നിര്‍ദേശിച്ച പദ്ധതിയാണിത്. നിലവിലുള്ള ഫ്‌ളക്‌സിബിള്‍ സ്റ്റുഡന്റ് വിസ സമ്പ്രദായത്തിന് പകരം വിദ്യാര്‍ഥികള്‍ക്ക് ഒരു നിശ്ചിത കാലയളവ് താമസം മാത്രം അനുവദിക്കുക എന്നതാണ് പുതിയ നിയമം. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഓരോ വിദേശ വിസയ്ക്കും ഒരു നിശ്ചിതകാലയളവ് ഉണ്ടാകും.
നിലവില്‍ എഫ്-1 വിസ കൈവശമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും ജെ-1 വിസയിലുള്ള സന്ദര്‍ശകര്‍ക്കും മുഴുവന്‍ സമയ എന്റോള്‍മെന്റ് നിലനിര്‍ത്തുന്നിടത്തോളം കാലം യുഎസില്‍ തങ്ങാം. എന്നാല്‍ പുതിയ നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ യുഎസില്‍ താമസിക്കാന്‍ സാധിക്കൂ. ഇതോടെ ഇവര്‍ ഇടയ്ക്കിടെ കാലാവധി നീട്ടലിനായി അപേക്ഷിക്കേണ്ടി വരും.















