
പെൻസിൽവാനിയ: പെൻസിൽവാനിയയിലെ മുൻ ത്രീ മൈൽ ഐലൻഡ് പ്ലാന്‍റിലെ ആണവ റിയാക്ടർ പുനരാരംഭിക്കാൻ കോൺസ്റ്റലേഷൻ എനർജി കോർപ്പിന് ഒരു ബില്യൺ ഡോളർ വായ്പ നൽകിയതായി ട്രംപ് ഭരണകൂടം അറിയിച്ചു. 2019-ൽ അടച്ചുപൂട്ടിയ 835 മെഗാവാട്ട് ശേഷിയുള്ള ഈ റിയാക്ടർ പുനരാരംഭിക്കുന്നതിനായി 2024 അവസാനത്തോടെ കോൺസ്റ്റലേഷൻ മൈക്രോസോഫ്റ്റുമായി കരാർ ഒപ്പിട്ടിരുന്നു. ഈ പ്ലാന്‍റ് ഇപ്പോൾ ക്രെയ്ൻ ക്ലീൻ എനർജി സെന്‍റർ എന്ന് പുനർനാമകരണം ചെയ്തു.
പുനരാരംഭിക്കുന്ന റിയാക്ടർ മൈക്രോസോഫ്റ്റിന്‍റെ ഡാറ്റാ സെന്‍ററുകളുടെ വൈദ്യുതി ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കും. പ്ലാന്‍റിലെ മറ്റൊരു യൂണിറ്റ് 1979-ലെ ഒരു അപകടത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ കാരണം രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി യുഎസിലെ വൈദ്യുതി ആവശ്യം ഉയരുകയാണ്. കാർബൺ രഹിത ഊർജ്ജമായ ആണവോർജ്ജം, തടസ്സമില്ലാത്ത വൈദ്യുതി ആവശ്യമുള്ളതും കാലാവസ്ഥാ പ്രതിബദ്ധതകളുള്ളതുമായ സാങ്കേതിക കമ്പനികൾക്ക് ഒരു മികച്ച ഓപ്ഷനായി മാറിയിരിക്കുന്നു.
എന്നാൽ, ആണവ മാലിന്യങ്ങൾ സ്ഥിരമായി സംഭരിക്കുന്നതിന് യുഎസിന് കഴിഞ്ഞിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഊർജ്ജ വകുപ്പിന്‍റെ ലോൺ പ്രോഗ്രാംസ് ഓഫീസ് (LPO) തലവൻ ഗ്രെഗ് ബിയേർഡ് റിയാക്ടർ പുനരാരംഭിക്കുന്നത് പിജെഎം റീജിയണൽ ഗ്രിഡിന് പിന്തുണ നൽകുമെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ഊർജ്ജം വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഇത് വലുതും, സ്ഥിരതയുള്ളതും, താങ്ങാനാവുന്നതുമായ അടിസ്ഥാന ലോഡ് പവർ ആണെന്ന് ബിയേർഡ് റിപ്പോർട്ടർമാരോട് പറഞ്ഞു.














