
ടെന്നസി: കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് യു.എസ്. കസ്റ്റഡിയിലായിരുന്ന കിൽമാർ അബ്രേഗോ ഗാർസിയയെ ഉഗാണ്ടയിലേക്ക് നാടുകടത്താൻ ട്രംപ് ഭരണകൂടം ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഗാർസിയയുടെ അഭിഭാഷകന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) ഉദ്യോഗസ്ഥൻ അയച്ച നോട്ടീസിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
മനുഷ്യക്കടത്ത് കേസിൽ വിചാരണ നേരിടുന്ന ഗാർസിയയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അറിയിപ്പ് വന്നത്. ടെന്നസിയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലൂടെയാണ് നോട്ടീസ് പരസ്യമായത്.
“നിങ്ങളുടെ കക്ഷി കിൽമാർ അർമാൻഡോ അബ്രേഗോ ഗാർസിയയെ അടുത്ത 72 മണിക്കൂറിനുള്ളിൽ (വാരാന്ത്യങ്ങൾ ഒഴികെ) ഉഗാണ്ടയിലേക്ക് നാടുകടത്താൻ ഡി.എച്ച്.എസ്. തീരുമാനിച്ചേക്കാം എന്ന് ഇതിനാൽ അറിയിക്കുന്നു,” നോട്ടീസിൽ പറയുന്നു.
അതേസമയം, അമേരിക്കൻ ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ ഗാർസിയയുടെ അഭിഭാഷകർ നിയമപരമായി നീങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.















