
വാഷിങ്ടണ്‍ ഡിസി: ഗാസയില്‍ ഇസ്രായേല്‍ സൈനിക നടപടികള്‍ ശക്തമാക്കുന്നതിനിടെ ഇസ്രായേലുമായി 6.4 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് നടത്താന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടി ട്രംപ് ഭരണകൂടം. അത്യാധുനിക പോര്‍ ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും അടങ്ങിയ ആയുധങ്ങള്‍ നല്‍കാനാണ് യുഎസ് നീക്കം. ട്രംപിന്റെ ഈ ശ്രമം യുഎസ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 30 എഎച്ച്-64 അപ്പാചെ പോര്‍ ഹെലികോപ്റ്ററുകളാണ് യുഎസ് ഇസ്രായേലിന് നല്‍കുന്നത്. ഇതിനായി 3.8 ബില്യണ്‍ ഡോളറിന്റെ കരാറാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിന് വേണ്ടിയുള്ള 3,250 ഇന്‍ഫന്ററി അസ്സോള്‍ട്ട് വാഹനങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 1.9 ബില്യണ്‍ ഡോളറിന്റെ കരാറിനും നിര്‍ദേശമുണ്ട്. ഈ വലിയ കരാറുകള്‍ക്ക് പുറമേ, കവചിത പേഴ്സണല്‍ കാരിയറുകള്‍ക്കും പവര്‍ സപ്ലൈക്ക് ഘടകഭാഗങ്ങള്‍ക്കായുള്ള 750 മില്യണ്‍ ഡോളറിന്റെ കരാറും യുഎസിനുമുന്നിലുണ്ട്.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചേരാന്‍ ഇരിക്കെയാണ് ട്രംപ് കൂടുതല്‍ ആയുധങ്ങള്‍ ഇസ്രായേലിന് നല്‍കാനൊരുങ്ങുന്നത്.














