
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ അഭിപ്രായം പറയരുതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലോകമെമ്പാടുമുള്ള യുഎസ് നയതന്ത്രജ്ഞർക്ക് നിർദ്ദേശം നൽകി. വിദേശത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വാഷിംഗ്ടണിന്‍റെ പരമ്പരാഗത സമീപനത്തിൽ നിന്ന് ഇതൊരു കാര്യമായ മാറ്റമാണ്. വ്യക്തവും നിർബന്ധിതവുമായ വിദേശ നയ താൽപ്പര്യം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താവനകളോ സമൂഹമാധ്യമ പോസ്റ്റുകളോ വാഷിംഗ്ടണിൽ നിന്ന് ഇനി പുറത്തിറക്കില്ല എന്നാണ് മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയത്.
ഒരു വിദേശ തിരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായം പറയാൻ ഉചിതമായ സന്ദർഭങ്ങളിൽ, യുഎസിന്‍റെ സന്ദേശം സംക്ഷിപ്തവും, വിജയിച്ച സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും, ഉചിതമായ സന്ദർഭങ്ങളിൽ, പങ്കിടുന്ന വിദേശ നയ താൽപ്പര്യങ്ങൾ രേഖപ്പെടുത്തുന്നതുമായിരിക്കണം എന്ന് നയതന്ത്രജ്ഞർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദേശങ്ങൾ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ, അതിന്‍റെ നിയമസാധുതയെക്കുറിച്ചോ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്ന് അതിൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സെക്രട്ടറിയോ വകുപ്പ് വക്താവോ മാത്രമായിരിക്കണം പുറത്തുവിടേണ്ടതെന്നും, ഏജൻസിയുടെ ഉന്നത നേതൃത്വത്തിന്‍റെ വ്യക്തമായ അനുമതിയില്ലാതെ അത്തരം പ്രസ്താവനകൾ പുറത്തിറക്കുന്നതിൽ നിന്ന് യുഎസ് നയതന്ത്രജ്ഞരെ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.