
വാഷിംഗ്ടൺ: ഇമിഗ്രേഷൻ അറസ്റ്റുകളുടെ എണ്ണം കുറഞ്ഞതിൽ കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിൽ വീണ്ടും വലിയ അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്. ചർച്ചകളുമായി ബന്ധമുള്ള നാല് വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ വർഷം ആദ്യം വൈറ്റ് ഹൗസ് പ്രതിദിനം 3,000 അറസ്റ്റുകൾ എന്ന വലിയ ലക്ഷ്യം ഐസിഇക്ക് നൽകിയിരുന്നു. എന്നാൽ, ചരിത്രപരമായി വിഭവങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കുറവ് നേരിടുന്ന ഒരു ഏജൻസിയെ സംബന്ധിച്ചിടത്തോളം ഈ ലക്ഷ്യം വളരെ ഉയർന്നതായിരുന്നു.
അറസ്റ്റുകൾ വർദ്ധിപ്പിച്ചെങ്കിലും, ഐസിഇക്ക് ഈ ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് വൈറ്റ് ഹൗസും ഐസിഇയും തമ്മിലുള്ള സംഘർഷത്തിന് പ്രധാന കാരണം. രാജ്യത്തുടനീളമുള്ള ഐസിഇയുടെ ഫീൽഡ് ഓഫീസുകളിൽ (മൊത്തം 25 എണ്ണം) പ്രകടനം മോശമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ കരുതുന്ന ഡസൻ കണക്കിന് ഡയറക്ടർമാരെ സ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതി തയ്യാറാക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഈ സമയത്ത് ഉദ്യോഗസ്ഥരെ മാറ്റുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, അക്രമാസക്തരായ ക്രിമിനലുകളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രീഷ്യ മക്ലൗഗ്ലിൻ പ്രതികരിച്ചു.















