യോഗ്യത കർശനമാക്കുക, ഇളവുകൾ പരിഷ്കരിക്കുക, വിസകൾ അനുവദിക്കുന്ന രീതി പുനഃക്രമീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം H-1B വിസ പ്രോഗ്രാമിൽ പ്രധാന മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. പുതിയ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയാണ് H-1B വിസ പ്രോഗ്രാമിൽ മാറ്റങ്ങൾക്ക് ഒരുങ്ങുന്നത്.
ഇന്ത്യക്കാരാണ് പ്രധാന H-1B വിസ ഗുണഭോക്താക്കൾ. 2023 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ഇന്ത്യക്കാർ 68,825 (58%) പ്രാരംഭ തൊഴിൽ വിസകളും 2.10 ലക്ഷം (79%) എക്സ്റ്റൻഷനുകളും നേടിയിരുന്നു, രണ്ടാമത്തെ വലിയ സ്രോതസ്സായ ചൈനയെക്കാൾ വളരെ മുന്നിലാണ് ഇന്ത്യ. അതിനാൽ, തന്നെ H-1 B വിസയിലെ ഏത് മാറ്റവും യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സാരമായി ബാധിക്കും.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (DHS) റെഗുലേറ്ററി അജണ്ട പ്രകാരം, 2025 ഡിസംബറിൽ നടത്താൻ ഉദ്ദേശിക്കുന്ന മാറ്റം വാർഷിക H-1B വിസ പരിധിയിൽ നിന്നുള്ള ഇളവുകൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും, മൂന്നാം കക്ഷി പ്ലേസ്‌മെന്റുകളിൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും, പ്രോഗ്രാം നിയമങ്ങൾ ലംഘിക്കുന്നതായി മുമ്പ് കണ്ടെത്തിയ തൊഴിലുടമകളുടെ പരിശോധന വർദ്ധിപ്പിക്കുകയും ചെയ്യും.
ട്രംപ് ഭരണകൂടത്തിന്റെ മുൻകാലത്ത്, എച്ച്-1ബി തൊഴിലാളികളെ മൂന്നാം കക്ഷി ക്ലയന്റ് സൈറ്റുകളിൽ നിയമിക്കുന്ന തൊഴിലുടമകൾ വിശദമായ കരാറുകളും യാത്രാ വിവരങ്ങളും സമർപ്പിക്കണമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) മെമ്മോ പുറപ്പെടുവിച്ചിരുന്നു. എച്ച്-1ബി കാലയളവിന്റെ മുഴുവൻ കാലയളവിലും സ്പെഷ്യാലിറ്റി ഒക്യുപേഷൻ ജോലി നിലനിൽക്കുമെന്ന് തൊഴിലുടമകൾ തെളിയിക്കേണ്ടതുണ്ട്.
H- 1 B വിസയ്ക്ക് അന്തിമരൂപം നൽകിയാൽ, മാറ്റങ്ങൾ തൊഴിലുടമകളെയും വിദേശ പ്രൊഫഷണലുകളെയും സാരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം കക്ഷി പ്ലെയ്‌സ്‌മെന്റുകളെ വളരെയധികം ആശ്രയിക്കുന്ന ടെക് സ്ഥാപനങ്ങളും സ്റ്റാഫിംഗ് കമ്പനികളും കർശനമായ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം.









