
ന്യൂയോര്‍ക്ക് : ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സമാധാന പദ്ധതി ചൊവ്വാഴ്ച അറബ് നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ട്രംപ് ഭരണകൂടം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യതയുള്ള ഒരു അന്തിമ നിര്‍ദ്ദേശമെന്ന രീതിയില്‍ ഇതില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥനും ഈ വിഷയവുമായി പരിചയമുള്ള പ്രാദേശിക സ്രോതസ്സുകളും പറഞ്ഞു.
ബുധനാഴ്ച യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് വരും ദിവസങ്ങളില്‍ ‘എന്തെങ്കിലും തരത്തിലുള്ള വഴിത്തിരിവ്’ ഉണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും നിലവില്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല. ‘ഞങ്ങള്‍ക്ക് വളരെ മികച്ച ഒരു സെഷന്‍ ഉണ്ടായിരുന്നു,’ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുഎസ് പ്രതിനിധി സംഘവും അറബ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ന്യൂയോര്‍ക്കില്‍ നടന്ന കോണ്‍കോര്‍ഡിയ ഉച്ചകോടിയില്‍ വിറ്റ്‌കോഫ് പറഞ്ഞു.
‘ഗാസയില്‍ സമാധാനത്തിനായുള്ള ട്രംപിന്റെ പദ്ധതിയില്‍ പ്രധാനമായും 21 നിര്‍ദേശങ്ങളുണ്ട്. പദ്ധതി ഞങ്ങള്‍ അവതരിപ്പിച്ചു, ഇസ്രായേലിന്റെ ആശങ്കകളും മേഖലയിലെ എല്ലാ അയല്‍ക്കാരുടെയും ആശങ്കകളും ഇത് അഭിസംബോധന ചെയ്യുന്നുവെന്ന് ഞാന്‍ കരുതുന്നു,’ വിറ്റ്‌കോഫ് കൂട്ടിച്ചേര്‍ത്തു.
എല്ലാ ബന്ദികളുടെ മോചനവും സ്ഥിരമായ വെടിനിര്‍ത്തലും ഉള്‍പ്പെടെ ഭരണകൂടം പരസ്യമായി മുന്നോട്ടുവച്ച നിരവധി കാര്യങ്ങള്‍ യുഎസ് നിര്‍ദ്ദേശിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഹമാസില്ലാതെ ഗാസ എങ്ങനെ ഭരിക്കാമെന്നതിനുള്ള ഒരു ചട്ടക്കൂടും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ ക്രമേണ പിന്മാറണമെന്ന നിര്‍ദ്ദേശവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
ട്രംപിന്റെ പദ്ധതിയുടെ വലിയ ഭാഗങ്ങള്‍ പ്രാദേശിക നേതാക്കള്‍ അംഗീകരിച്ചു, പക്ഷേ അവര്‍ ചില കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രണ്ട് പ്രാദേശിക നയതന്ത്രജ്ഞര്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിനെ ഇസ്രായേല്‍ പിടിച്ചെടുക്കാതിരിക്കുക, ജറുസലേമിനുള്ള നിലവിലെ സ്ഥിതി നിലനിര്‍ത്തുക, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, ഹമാസ് കൈവശം വച്ചിരിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുക എന്നിവയുള്‍പ്പെടെ ഗാസയ്ക്കുള്ള അന്തിമ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചുവെന്നാണ് വിവരം.