
വാഷിംഗ്ടൺ: കോവിഡ് 19, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ രോഗങ്ങളെ നേരിടാനുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ചില കരാറുകളും ഫണ്ടിംഗും റദ്ദാക്കാൻ യുഎസ് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. വാക്സിനുകളെ ദീർഘകാലമായി വിമർശിക്കുന്ന ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 500 മില്യൺ ഡോളറിന്‍റെ, എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 22 വാക്സിൻ വികസന പദ്ധതികളാണ് ഇതോടെ നിലച്ചത്.
ഫൈസർ, മോഡേണ തുടങ്ങിയ പ്രമുഖ മരുന്ന് കമ്പനികളുടെ നേതൃത്വത്തിൽ ഫ്ലൂ, കോവിഡ്-19, എച്ച്5എൻ1 അണുബാധകൾ എന്നിവ തടയുന്നതിനുള്ള ഗവേഷണങ്ങളാണ് ഈ പദ്ധതികളിലൂടെ നടന്നിരുന്നത്. 2020-ലെ കൊറോണ വൈറസ് മഹാമാരിയെ മന്ദഗതിയിലാക്കാൻ എംആർഎൻഎ വാക്സിനുകൾക്ക് കഴിഞ്ഞിരുന്നു എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
എംആർഎൻഎ വാക്സിനുകളിൽ നിന്ന് മാറി മറ്റ് മികച്ച പരിഹാരങ്ങളിൽ നിക്ഷേപിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് കെന്നഡി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ, പകരം ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യകൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വൈറസുകൾക്ക് മ്യൂട്ടേഷൻ സംഭവിക്കുമ്പോൾ ഫലപ്രദമല്ലാതാകുന്നതിനാൽ എംആർഎൻഎ വാക്സിനുകൾ സുരക്ഷിതമല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. അതേസമയം, എംആർഎൻഎ സാങ്കേതികവിദ്യ സുരക്ഷിതമാണെന്നും, പുതിയ മഹാമാരികളെ നേരിടാൻ ഈ സാങ്കേതികവിദ്യ അത്യാവശ്യമാണെന്നും പകർച്ചവ്യാധി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.