
വാഷിംഗ്ടൺ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 29 മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞരെയും അംബാസഡർമാരെയും ട്രംപ് ഭരണകൂടം തിരിച്ചുവിളിക്കുന്നു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തോട് പൂർണ്ണമായും യോജിച്ചുനിൽക്കുന്നവരെ പ്രധാന തസ്തികകളിൽ നിയമിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പ് അംബാസഡർമാർക്ക് ലഭിച്ചത്. 2026 ജനുവരി പകുതിയോടെ ഇവർ തങ്ങളുടെ പദവികളിൽ നിന്ന് ഒഴിയേണ്ടി വരും.
മുൻ പ്രസിഡന്‍റ് ജോ ബൈഡന്റെ കാലഘട്ടത്തിൽ നിയമിക്കപ്പെട്ടവരാണ് ഇപ്പോൾ നീക്കം ചെയ്യപ്പെടുന്ന എല്ലാവരും. സാധാരണഗതിയിൽ മൂന്ന് മുതൽ നാല് വർഷം വരെയാണ് ഒരു അംബാസഡറുടെ കാലാവധിയെങ്കിലും, പ്രസിഡന്‍റിന്‍റെ താല്പര്യപ്രകാരം ഏത് സമയത്തും ഇവരെ മാറ്റാൻ അധികാരമുണ്ട്. എന്നാൽ, പ്രൊഫഷണൽ നയതന്ത്രജ്ഞരെ ഇത്തരത്തിൽ കൂട്ടത്തോടെ മാറ്റുന്നത് അസാധാരണമാണെന്ന് വിലയിരുത്തപ്പെടുന്നു.
തിരിച്ചുവിളിക്കുന്ന അംബാസഡർമാർ
ആഫ്രിക്ക (13 രാജ്യങ്ങൾ): നൈജീരിയ, റുവാണ്ട, സെനഗൽ, സോമാലിയ, ഉഗാണ്ട, നൈജർ, മൗറീഷ്യസ്, മഡഗാസ്കർ, ഐവറി കോസ്റ്റ്, ഗാബോൺ, കേപ് വെർഡെ, കാമറൂൺ, ബുറുണ്ടി.
ഏഷ്യ (6 രാജ്യങ്ങൾ): ഫിലിപ്പീൻസ്, വിയറ്റ്നാം, ഫിജി, ലാവോസ്, മാർഷൽ ഐലൻഡ്‌സ്, പാപ്പുവ ന്യൂ ഗിനിയ.
യൂറോപ്പ് (4 രാജ്യങ്ങൾ): അർമേനിയ, മാസിഡോണിയ, മോണ്ടിനെഗ്രോ, സ്ലൊവാക്യ.
മറ്റ് രാജ്യങ്ങൾ: ഈജിപ്ത്, അൾജീരിയ (മിഡിൽ ഈസ്റ്റ്), നേപ്പാൾ, ശ്രീലങ്ക (ദക്ഷിണേഷ്യ), ഗ്വാട്ടിമാല, സുരിനാം (വെസ്റ്റേൺ ഹെമിസ്ഫിയർ).
ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വിശദീകരണം. പ്രസിഡന്റിന്റെ വ്യക്തിപരമായ പ്രതിനിധികളാണ് അംബാസഡർമാർ എന്നും, തന്റെ ആശയങ്ങൾ നടപ്പിലാക്കാൻ താല്പര്യമുള്ളവരെ നിയമിക്കാൻ പ്രസിഡന്റിന് അവകാശമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിരിച്ചുവിളിക്കപ്പെട്ടവർക്ക് വാഷിംഗ്ടണിലെ മറ്റ് തസ്തികകളിൽ ജോലിയിൽ തുടരാൻ സാധിക്കും. അതേസമയം, നയതന്ത്ര ഉദ്യോഗസ്ഥരുടെ യൂണിയനായ ‘അമേരിക്കൻ ഫോറിൻ സർവീസ് അസോസിയേഷൻ’ ഈ നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള ഈ മാറ്റം വിദേശ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെ ബാധിക്കുമോ എന്ന ഭയം ചില രാഷ്ട്രീയ കേന്ദ്രങ്ങൾ പങ്കുവെക്കുന്നു.















