ഹാര്‍വാര്‍ഡിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ് ഭരണകൂടം; വിദേശ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ തേടി സമന്‍സ് അയച്ചു

ബോസ്റ്റണ്‍ : ഹാര്‍വാര്‍ഡ് സര്‍വകലാശാലയുമായുള്ള തര്‍ക്കം രൂക്ഷമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം. സര്‍വകലാശാല അക്രഡിറ്റേഷനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അംഗീകാരം നഷ്ടപ്പെടുമെന്നുമാണ് ഭീഷണി. മാത്രമല്ല അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള രേഖകള്‍ക്കായി സമന്‍സ് അയച്ചിട്ടുമുണ്ട്.

സര്‍വ്വകലാശാലയ്ക്ക് നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളര്‍ ഗ്രാന്റുകള്‍ ഉദ്യോഗസ്ഥര്‍ നിര്‍ത്തലാക്കുകയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതിരുന്നു. ഇതേത്തുടര്‍ന്ന് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്ത ഹാര്‍വാര്‍ഡിനെതിരെ ഭരണകൂടം സ്വീകരിച്ച നിരവധി നടപടികളിലെ ഏറ്റവും പുതിയതാണ് ഈ നീക്കം.

കാമ്പസിലെ ജൂത, ഇസ്രായേലി വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിലൂടെ ഹാര്‍വാര്‍ഡ് ഫെഡറല്‍ വിവേചന വിരുദ്ധ നിയമം ലംഘിച്ചതായി ഹാര്‍വാര്‍ഡിന്റെ അക്രഡിറ്ററായ ന്യൂ ഇംഗ്ലണ്ട് കമ്മീഷന്‍ ഓഫ് ഹയര്‍ എഡ്യൂക്കേഷനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഹാര്‍വാര്‍ഡുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അത് ഉടന്‍ ഒരു ഒത്തുതീര്‍പ്പിലേക്ക് എത്തുമെന്നും ജൂണ്‍ 20 ന് ട്രംപ് പറഞ്ഞിരുന്നു. ചര്‍ച്ച ഫലവത്തായില്ലെന്നാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം വ്യക്തമാക്കുന്നത്.

ട്രംപ് ഭരണകൂടത്തിനെതിരെ പോരാടാന്‍ ഉറച്ചുതന്നെയാണ് നീങ്ങുന്നതെന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നത്. ”ഫെഡറല്‍ ഗവണ്‍മെന്റിന്റെ അടിസ്ഥാനരഹിതമായ പ്രതികാര നടപടികളില്‍ നിന്ന് തങ്ങളുടെ സമൂഹത്തെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ ഹാര്‍വാര്‍ഡ് അചഞ്ചലമായി തുടരുന്നു,” ഹാര്‍വാര്‍ഡ് ഒരു ട്രംപ് ഭരണകൂടത്തിനെതിരായ പ്രസ്താവനയില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide