ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് വിദഗ്ധര്‍; ട്രംപ് ഭരണകൂടത്തിന്‍റെ വെട്ട് നാസയ്ക്കും, ബജറ്റ് വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു

വാഷിംഗ്ടൺ: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം. 2026-ല്‍ ഏജൻസിയുടെ ബജറ്റ് 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശമാണ് ഭരണകൂടം മുന്നോട്ട് വച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ബജറ്റിന്റെ ബ്ലൂപ്രിന്റ് പുറത്തിറക്കിയത്. 2480 കോടി ഡോളറില്‍ നിന്ന് 1880 കോടി ഡോളറിലേക്കാണ് ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നത്. ഈ നീക്കം ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ വന്നുകഴിഞ്ഞു.

ആധുനിക ചാന്ദ്ര ദൗത്യങ്ങളില്‍ ഇത് ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വയില്‍ നിന്ന് പെര്‍സിവറന്‍സ് റോവര്‍ ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ‘മാര്‍സ് സാമ്പിള്‍ റിട്ടേണ്‍’ പദ്ധതിയും ചന്ദ്രനെ ചുറ്റുന്ന ഗേറ്റ്‌വേ ബഹിരാകാശ നിലയം, ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള പദ്ധതികളെ ബജറ്റ് വെട്ടിക്കുറയ്ക്കല്‍ ബാധിക്കും. ബഹിരാകാശ ഗവേഷണത്തില്‍ 230 കോടി ഡോളറും ഭൂമിശാസ്ത്ര ഗവേഷണത്തിന് 120 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുമാണ് നിര്‍ദേശം.