
വാഷിംഗ്ടൺ: അമേരിക്കയിൽ തൊഴിൽ പെർമിറ്റ് പുതുക്കാൻ അപേക്ഷിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ട്രംപ് ഭരണകൂടം. ഗ്രീൻകാർഡ് ഉടമകൾക്ക് അവരുടെ തൊഴിൽ പെർമിറ്റ് ഓട്ടോമാറ്റിക് ആയി പുതുക്കി നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണെന്ന് ഭരണകൂടം അറിയിച്ചു. യുഎസിൽ നിയമപരമായി താമസിക്കുന്ന കുടിയേറ്റക്കാർക്ക്, അവരുടെ അപേക്ഷകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാകുന്നതുവരെ രാജ്യത്ത് ജോലി ചെയ്യാൻ തൊഴിൽ അനുമതി നൽകിയിരുന്നു. ഈ അനുമതിയുടെ പുതുക്കൽ നടപടിക്രമങ്ങൾക്ക് സാധാരണയായി വലിയ കാലതാമസം ഉണ്ടാവാറുണ്ട്.
അതുകൊണ്ട് തന്നെയാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്.) പൊതുവായി 540 ദിവസത്തേക്ക് ഓട്ടോമാറ്റിക് ആയി പെർമിറ്റ് പുതുക്കി നൽകിയിരുന്നത്. തൊഴിൽ പെർമിറ്റ് കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പുതുക്കാനായി അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ഈ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അനുവദിച്ചിരുന്നത്. എന്നാൽ, യു.എസ്.സി.ഐ.എസ്സിലെ ഈ അപേക്ഷകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ എടുക്കാറുണ്ടെന്ന് ഫെഡറൽ ഡാറ്റകൾ സൂചിപ്പിക്കുന്നു.
“അർഹരായ ആളുകൾക്ക് മാത്രമാണ് ഇത് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനും, കൃത്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും” വേണ്ടിയാണ് ഓട്ടോമാറ്റിക് പുതുക്കൽ അവസാനിപ്പിക്കുന്നത് എന്ന് യു.എസ്.സി.ഐ.എസ് ഡയറക്ടർ ജോസഫ് എഡ്ലോ അറിയിച്ചു. ഈ മാറ്റം നിലവിൽ വരുന്നതോടെ, തൊഴിലാളികളുടെ തൊഴിൽ അനുമതിയിലോ ഡോക്യുമെന്റേഷനിലോ താൽക്കാലിക തടസ്സങ്ങൾ ഉണ്ടാവാമെന്നും, ഇത് നിലവിൽ പെർമിറ്റുള്ളവരെ ജോലിക്കെടുത്ത സ്ഥാപനങ്ങളെയും ബാധിക്കാമെന്നും അറിയിപ്പിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. തൊഴിൽ പെർമിറ്റ് ഓട്ടോമാറ്റിക് ആയി പുതുക്കി നൽകുന്നത് അവസാനിപ്പിച്ചു കൊണ്ടുള്ള ഈ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും.
















