
വാഷിംഗ്ടൺ: സർക്കാർ പ്രവർത്തനം പുനരാരംഭിച്ചാലും ജോലിക്ക് ഹാജരാവാതെ അവധിയിലായ ഫെഡറൽ ജീവനക്കാർക്ക് ബാക്ക് പേ തനിയെ ലഭിക്കണമെന്നില്ലെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. വർഷങ്ങളായി തുടർന്നിരുന്ന ഷട്ട്ഡൗൺ കീഴ്വഴക്കങ്ങളെയും 2019-ൽ ട്രംപ് തന്നെ ഒപ്പുവെച്ച നിയമത്തെയും തിരുത്തിക്കൊണ്ടുള്ള ഈ പ്രഖ്യാപനം, ഡെമോക്രാറ്റുകളെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.
ഏഴാം ദിവസത്തേക്ക് കടന്ന ഷട്ട്ഡൗൺ കാരണം ഏകദേശം 7,50,000 ഫെഡറൽ ജീവനക്കാരെയാണ് ബാധിച്ചത്. ഈ ജീവനക്കാർക്ക് ബാക്ക് പേ നൽകണമെങ്കിൽ കോൺഗ്രസ് തന്നെ തീരുമാനമെടുക്കണം എന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്‌മെന്‍റ് ആൻഡ് ബഡ്ജറ്റ് പ്രചരിപ്പിച്ച മെമ്മോയിൽ പറയുന്നത്. ഇതോടെ, ജീവനക്കാരുടെ ശമ്പളം നിയമനിർമ്മാതാക്കളുടെ ചർച്ചകളെ ആശ്രയിച്ചിരിക്കും എന്ന സ്ഥിതിയായി.
“പരിഗണന അർഹിക്കാത്ത ചില ആളുകളുണ്ട്, അവരെ ഞങ്ങൾ മറ്റൊരു രീതിയിൽ പരിഗണിക്കും,” ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പരിപാടിയിൽ പറഞ്ഞു. ശമ്പളം തടഞ്ഞുവെക്കുന്നതിന്‍റെ നിയമസാധുതയെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ നിയമം അനുസരിക്കുന്നു, നിയമം പറയുന്നതാണ് ശരി.
“യുഎസിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണിന് ശേഷം 2019-ൽ ട്രംപ് ഒപ്പുവെച്ച ‘ഗവൺമെൻ്റ് എംപ്ലോയീസ് ഫെയർ ട്രീറ്റ്മെൻ്റ് ആക്ട്’ അനുസരിച്ച്, ഫണ്ടിംഗ് പുനഃസ്ഥാപിച്ചാൽ ഫെഡറൽ ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണം. എന്നാൽ, ഈ നിയമം “സ്വയം നടപ്പിലാക്കുന്നില്ല” എന്നും, ഭാവിയിലെ ഏതൊരു ഫണ്ടിംഗ് ബില്ലിലും ബാക്ക് പേ ഉൾപ്പെടുത്താൻ കോൺഗ്രസ്സ് ആവശ്യപ്പെടണം എന്നുമാണ് പുതിയ മെമ്മോയിൽ പറയുന്നത്.