ട്രംപിന്റെ സത്യ പ്രതിജ്ഞയ്ക്ക് മോദിയെ വിളിച്ചില്ലെന്ന ആ പരാതി അങ്ങ് മാറിക്കിട്ടി; ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായി

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ സൂചന നല്‍കി യു.എസ്. ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ട്രംപ് അധികാര കസേരയിലെത്തിയതിനുശേഷം ആദ്യമായി നടത്തിയ ഉഭയകക്ഷിചര്‍ച്ച ഇന്ത്യയുമായെന്നതാണ് ശ്രദ്ധേയം.

പല ലോക നേതാക്കളെയും സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യയുമായി ട്രംപ് അകലുന്നുവോ എന്നതരത്തിലേക്കും ചര്‍ച്ച നീണ്ടിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായി നടത്തിയതിനെ ശുഭ സൂചനയായാണ് ലോകം പരക്കെ വിലയിരുത്തുന്നത്.

സാധാരണയായി അയല്‍രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവടങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായോ അല്ലെങ്കില്‍ ഏതെങ്കിലും നാറ്റോ സഖ്യരാജ്യത്തുനിന്നുള്ള പ്രതിനിധിയുമായോ ആണ് അധികാരത്തിലെത്തുന്ന പുതിയ ഭരണകൂടം ആദ്യത്തെ ഉഭയകക്ഷിചര്‍ച്ച നടന്നിരുന്നത്. എന്നാല്‍ ആ പതിവു തെറ്റിച്ചാണ് ഇക്കുറി ഇന്ത്യക്ക് പ്രാധാന്യം ലഭിച്ചത്. യു.എസ്സിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വത്രയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് അതിഥികളായെത്തിയ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗവും നടന്നു. ഇതേക്കുറിച്ചും ജയശങ്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ഇന്ത്യ, യു.എസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്.