
വാഷിംഗ്ടൺ: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ആക്രമിക്കാനുള്ള ഇസ്രായേലിന്‍റെ തീരുമാനത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചില ഉപദേശകർക്കിടയിൽ അമര്‍ഷം പുകയുന്നുവെന്ന് റിപ്പോര്‍ട്ട്. പലർക്കും മുന്നറിയിപ്പ് നൽകാനോ ഖത്തറിനെ അറിയിക്കാനോ സാധിക്കാത്തതിൽ അവർ നിരാശരാണ്. ആക്രമണത്തിന് തൊട്ടുമുൻപ് മാത്രമാണ് ജോയിന്റ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ട്രംപിനെ വിവരമറിയിച്ചതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉടൻ തന്നെ വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് ഖത്തറിനെ വിവരം അറിയിക്കാൻ ട്രംപ് നിർദ്ദേശിച്ചു. ഖത്തറുമായി വിറ്റ്കോഫിന് ദീർഘകാല ബന്ധമുണ്ട്. എന്നാൽ വിറ്റ്കോഫിന് അവരെ വിവരമറിയിക്കാൻ കഴിഞ്ഞപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. ഇതിന് പിന്നാലെ, തിങ്കളാഴ്ച നെതന്യാഹുവിന്റെ ഉന്നത ഉപദേഷ്ടാക്കളിൽ ഒരാളായ റോൺ ഡെർമറുമായി വിറ്റ്കോഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്ത് ഈ ആക്രമണത്തെക്കുറിച്ച് യാതൊരു സൂചനയും നൽകിയില്ല എന്നതും വലിയ പ്രതിഷേധത്തിന് കാരണമായി.
എനിക്ക് ഈ സാഹചര്യത്തിൽ സന്തോഷമില്ല. ഇത് ഒരു നല്ല സാഹചര്യമല്ല. എന്നാൽ തടവുകാരെ തിരികെ കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ആ ആക്രമണം നടന്ന രീതി ഞങ്ങളെ സന്തോഷിപ്പിക്കുന്നില്ലെന്ന് ട്രംപ് ചൊവ്വാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.













