
ടോക്കിയോ/വാഷിംഗ്ടൺ: തായ്‌വാന്‍റെ പരമാധികാര വിഷയത്തിൽ ചൈനയെ പ്രകോപിപ്പിക്കരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശം. ജപ്പാൻ പ്രധാനമന്ത്രി സനായേ ടാകൈച്ചിയെ ഉപദേശിച്ചതായി ജാപ്പനീസ് ഉദ്യോഗസ്ഥരെയും കോളിനെക്കുറിച്ച് വിവരം ലഭിച്ച ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ട്രംപിനെ വിളിച്ച് തായ്‌വാനുള്ള ചൈനയുടെ ചരിത്രപരമായ അവകാശവാദത്തെക്കുറിച്ചും ലോകക്രമം കൈകാര്യം ചെയ്യുന്നതിനുള്ള വാഷിംഗ്ടണിന്‍റെയും ബീജിംഗിന്‍റെയും സംയുക്ത ഉത്തരവാദിത്തത്തെക്കുറിച്ചും സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ടാകൈച്ചിയുമായി സംസാരിച്ചത്.
നവംബറിൽ ടാകൈച്ചി ഒരു പ്രസ്താവന നടത്തിയിരുന്നു. തായ്‌വാനെതിരെ ഒരു സാങ്കൽപ്പിക ചൈനീസ് ആക്രമണം ഉണ്ടായാൽ അത് ജപ്പാന്‍റെ സൈനിക പ്രതികരണത്തിന് കാരണമായേക്കാം എന്നായിരുന്നു അവരുടെ പരാമർശം. ഇത് ചൈനയുമായി ഒരു നയതന്ത്ര പ്രശ്നത്തിന് കാരണമായിരുന്നു. എന്നാൽ, ടാകൈച്ചിയോട് തന്‍റെ അഭിപ്രായത്തിൽ നിന്ന് പിന്നോട്ട് പോകാൻ ട്രംപ് സമ്മർദ്ദം ചെലുത്തിയില്ലെന്നും, അദ്ദേഹത്തിന്‍റെ ഉപദേശം വളരെ സൗമ്യമായിരുന്നുവെന്നും ജേണൽ റിപ്പോർട്ട് ചെയ്തു.















