
വാഷിങ്ടന്‍: കാനഡയ്ക്ക് 35 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കുമെതിരെ 30 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാനഡയ്ക്കു സമാനമായി 2025 ആഗസ്റ്റ് ഒന്നു മുതലാകും പകരം തീരുവ നടപ്പിലാക്കുന്നത്. ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കത്തുകളിലൂടെയാണ് പകരം തീരുവ ചുമത്തുന്നത് ട്രംപ് പ്രഖ്യാപിച്ചത്.
യുഎസിന്റെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികള്‍ക്കെതിരെയുള്ള ട്രംപിന്റെ നീക്കം ഇന്ത്യയടക്കമുള്ള രാജ്യങ്ങളും സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം യുഎസ് തുടരുമെന്നും അതു പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയാണ് ട്രംപിന്റെ കത്ത്.
അതിതീവ്രമായ വേദനയനുഭവിക്കുന്ന രോഗികള്‍ക്ക് നല്‍കുന്ന മരുന്നായ ഫെന്റനില്‍, യുഎസിലേക്ക് എത്തുന്നത് തടയുന്നതില്‍ മെക്‌സിക്കോ പരാജയപ്പെട്ടെന്ന് കത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. ഇതേ കാരണമാണ് ട്രംപ് കാനഡയ്ക്കുള്ള കത്തിലും സൂചിപ്പിച്ചത്.