
വാഷിംങ്ടൺ: ഇന്ത്യ-പാക് യുദ്ധം താനാണ് തടഞ്ഞതെന്ന അവകാശവാദവുമായി ട്രംപ് വീണ്ടുമെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ പാക് യുദ്ധം ഉൾപ്പെടെ ആഗോളതലത്തിൽ ഏതാനും യുദ്ധങ്ങൾ താൻ ഇടപ്പെട്ട് തടഞ്ഞതെന്ന അവകാശവാദം വീണ്ടും ട്രംപ് ആവർത്തിച്ചിരിക്കുന്നത്. അലാസ്ക ഉച്ചകോടിയിൽ ട്രംപും പുതിനും അടച്ചിട്ട മുറിയിൽ മൂന്ന് മണിക്കൂറോളം നടത്തിയ ചർച്ചയിലും റഷ്യ-യുക്രൈൻ വിഷയത്തിൽ വെടിനിർത്തൽ ധാരണയാകാതെയാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യാ-പാക് യുദ്ധത്തെക്കുറിച്ച് ഫോക്സ് ന്യൂസിലെ ഷോൺ ഹാനിറ്റി ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് പരാമർശിച്ചത്. ഇന്ത്യയെയും പാകിസ്ഥാനെയും നോക്കൂ. അവർ ഇതിനകം വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയിരുന്നു. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ സംഘർഷം മുന്നോട്ട് പോയിരുന്നുവെങ്കിൽ അത് ഒരുപക്ഷേ ആണവായുധത്തിലെത്തുമായിരുന്നു. യുദ്ധം നിർത്താൻ സമ്മതിക്കുന്നില്ലെങ്കിൽ വാഷിംഗ്ടൺ വ്യാപാര കരാറുകൾ പിന്തുടരില്ലെന്ന് രണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും താൻ മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനുള്ളിൽ തനിക്ക് അവ പരിഹരിക്കാൻ സാധിച്ചുവെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കയിൽ നിന്ന് ഏറെ അകലെ നടക്കുന്ന തർക്കങ്ങളിൽ ട്രംപ് എന്തിന് തന്റെ സമയവും ഊർജ്ജവും ചെലവഴിക്കുന്നതെന്ന് ഹാനിറ്റി ചോദിച്ചപ്പോൾ ജീവൻ രക്ഷിക്കാൻ എന്നാണ് ട്രംപ് പറഞ്ഞത്. യുദ്ധങ്ങൾ വിനാശം കൊണ്ടുവരുമെന്നും അത് തടയേണ്ടത് ഉത്തരവാദിത്തമായി കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. മുമ്പും പല തവണ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിൽ രാത്രി നീണ്ട ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതിച്ചതായി മെയ് 10-ന് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരുന്നു.