
വാഷിംഗ്ടൺ: ജോ ബൈഡന്‍റ് ഭരണകൂടം യുക്രൈന് അമിതമായ ആയുധങ്ങൾ നൽകിയെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയുടെ പുതിയ ആക്രമണങ്ങൾ രൂക്ഷമാകുന്നതിനിടെ, യുക്രൈനിലേക്കുള്ള ചില ആയുധ ഷിപ്മെന്‍റുകൾ താൽക്കാലികമായി നിർത്തിവെച്ചതിനെക്കുറിച്ചുള്ള തന്‍റെ ആദ്യത്തെ പരസ്യ പ്രതികരണമാണ് നടത്തിയത്.
അയോവയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. മുൻ പ്രസിഡന്‍റ് ജോ ബൈഡൻ നമ്മുടെ രാജ്യത്തെ മുഴുവൻ ആയുധങ്ങൾ നൽകി കാലിയാക്കിയെന്നും നമുക്ക് ആവശ്യത്തിന് ആയുധങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ട്രംപ് പറഞ്ഞു.
വ്യോമപ്രതിരോധ മിസൈലുകൾ, കൃത്യമായി ലക്ഷ്യം വെക്കാൻ സഹായിക്കുന്ന പീരങ്കികൾ, മറ്റ് ആയുധങ്ങൾ എന്നിവയാണ് യുക്രൈന് നൽകാതെ പിടിച്ചുവെച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായും സംസാരിച്ച ട്രംപ്, യുക്രൈനുള്ള അമേരിക്കൻ സഹായം പൂർണ്ണമായും നിർത്തുന്നില്ലെന്നുള്ള കാര്യവും സൂചിപ്പിച്ചു.
പുടിനുമായി ദീർഘ സംഭാഷണം ഉണ്ടായെന്നും എന്നാൽ യുദ്ധം പരിഹരിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും ട്രംപ് പറഞ്ഞു.