
വാഷിംഗ്ടണ്‍: പെന്‍റഗൺ അടുത്തിടെ ഒരു ഖത്തർ ബോയിംഗ് 747 വിമാനം ഭാവിയിലെ എയർ ഫോഴ്സ് വൺ ആയി മാറ്റുമെന്ന പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ ചോദ്യം ഉന്നയിച്ച
റിപ്പോർട്ടറെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. റിപ്പോര്‍ട്ടറെ മോശം എന്നും ജോലി ചെയ്യാൻ മതിയായ ബുദ്ധിയില്ലാത്തവൻ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
വൈറ്റ് ഹൗസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസയുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കർഷകർക്കെതിരായ അക്രമങ്ങളെയും വംശീയ നിയമങ്ങളെയും പോലുള്ള കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ റിപ്പോർട്ടർ ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
“നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്?… നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? നിങ്ങൾക്കറിയാം… നിങ്ങൾ ഇവിടെ നിന്ന് പുറത്തുപോകണം… ഇതിന് ഖത്തർ ജെറ്റുമായി എന്ത് ബന്ധമാണുള്ളത്…? അവർ അമേരിക്കൻ എയർഫോഴ്സിന് ഒരു ജെറ്റ് നൽകുകയാണ്, അത് ഒരു മികച്ച കാര്യമാണ്… ഞങ്ങൾ മറ്റ് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്, നിങ്ങൾ ഇപ്പോൾ കണ്ട വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ ഒരു മോശം റിപ്പോർട്ടറാണ്. ഒന്നാമതായി, ഒരു റിപ്പോർട്ടറാകാനുള്ള കഴിവ് നിങ്ങൾക്കില്ല. നിങ്ങൾക്ക് മതിയായ ബുദ്ധിയില്ല” ജെറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് പിന്നാലെ ട്രംപ് പൊട്ടിത്തെറിച്ചു.











