
വാഷിഗ്ടണ്‍ : റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി വീണ്ടും ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപിന്റെ അടുത്ത സഹായിയും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവുമായ പീറ്റര്‍ നവാരോ.
” യുക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യന്‍ റിഫൈനറികളുമായി ഒന്നിച്ചു.. ഇത് ഭ്രാന്തമായ കാര്യമാണ്, കാരണം അവര്‍ അന്യായമായ വ്യാപാരത്തിലൂടെ നമ്മളില്‍ നിന്ന് പണം സമ്പാദിക്കുന്നു, നിരവധി തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നു. അവര്‍ ആ പണം റഷ്യന്‍ എണ്ണ വാങ്ങാന്‍ ഉപയോഗിക്കുന്നു, റഷ്യക്കാര്‍ അത് ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നു,” നവാരോ സിഎന്‍ബിസി ഇന്റര്‍നാഷണലിനോട് പറഞ്ഞു. ‘ഇന്ത്യ ചര്‍ച്ചയിലേക്ക് വരുന്നു. വ്യാപാര വശത്ത്, അവര്‍ക്ക് വളരെ ഉയര്‍ന്ന താരിഫുകളുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ – യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചര്‍ച്ചയ്ക്കായി യു എസ് പ്രതിനിധി സംഘം ഇന്ന് ഡല്‍ഹിയില്‍ എത്തുന്നതിനിടെയാണ് നവാരോയുടെ വിമര്‍ശനം. യു എസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘമാണ് യു എസില്‍നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പങ്കെടുക്കും.
ഇരുപക്ഷവും ചര്‍ച്ചകള്‍ ‘വേഗത്തിലാക്കാന്‍’ ഉദ്ദേശിക്കുന്നുവെന്ന് അഗര്‍വാള്‍ പറഞ്ഞു. ഓഗസ്റ്റ് 25 നും 29 നും ഇടയിലാണ് യുഎസ് സംഘത്തിന്റെ സന്ദര്‍ശനം ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാല്‍ യുക്രെയ്ന്‍ യുദ്ധത്തിന് ധനസഹായം നല്‍കുന്നതിനായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയതിന് ‘പിഴ’യായി യുഎസ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതിലുള്ള തീരുവ ചുമത്തി. ഇതേത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇത് റദ്ദാക്കിയത്.
മാര്‍ച്ച്-ഏപ്രില്‍ മുതല്‍ ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ചര്‍ച്ചകള്‍ വളരെയധികം സമയമെടുക്കുന്നു എന്നതാണ് യുഎസ് പക്ഷം കുറ്റപ്പെടുത്തുന്നത്. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ജൂലൈയിലെ 8.01 ബില്യണ്‍ ഡോളറായിരുന്നത് ഓഗസ്റ്റില്‍ 6.86 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. എന്നിരുന്നാലും ഉയര്‍ന്ന താരിഫുകളുടെ പൂര്‍ണ്ണ ആഘാതം അടുത്ത മാസമേ അറിയാന്‍ കഴിയൂ.