
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം, ഈ ആഴ്ച 6,000-ത്തിലധികം കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ “ഡെത്ത് മാസ്റ്റർ ഫയലി” ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ ഉണ്ടായിരുന്ന മരിച്ച വ്യക്തികളുടെ രേഖകളാണ് ഈ ഫയലിൽ അടങ്ങിയിരിക്കുന്നത്.
അവരെ ഈ ഫയലിലേക്ക് മാറ്റുന്നതിലൂടെ, അവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ അസാധുവാകുകയും അവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാകാതെ വരികയും ചെയ്യും. ഈ കുടിയേറ്റക്കാർ മുമ്പ് യുഎസിൽ നിയമപരമായി പ്രവേശിച്ചവരാണ്, എന്നാൽ പിന്നീട് അവരുടെ താൽക്കാലിക പദവി റദ്ദാക്കപ്പെട്ടു. ഈ വ്യക്തികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അല്ലെങ്കിൽ ഭീകരവാദികളുടെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടവരാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് കണ്ടെത്തിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയമവിരുദ്ധമായി വരുന്നവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് പ്രസിഡന്‍റ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. നിയമവിരുദ്ധമായി വന്ന് താമസിക്കുന്നവർക്കുള്ള സാമ്പത്തിക പ്രോത്സാഹനം ഇല്ലാതാക്കുന്നതിലൂടെ, സ്വയം നാടുകടക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനാവും. അമേരിക്കൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം അദ്ദേഹം നിറവേറ്റുകയാണ് എന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.