
വാഷിങ്ടൺ : നികുതിയുമായി ബന്ധപ്പെട്ട ബിഗ് ബ്യൂട്ടിഫുൾ ബില്ല് സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും ഇലോൺ മസ്കും തമ്മിലുള്ള പോര് മുറുകുന്നു. ഇലോൺ മസ്കിനെ നാടുകടത്തുമോയെന്ന ചോദ്യങ്ങളെ തള്ളിക്കളയാതെ ഇതിനെ കുറിച്ച് ഒരു പരിശോധന നടത്തേണ്ടിവരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്കു മുൻപായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പൗരനാണെങ്കിലും ഇലോൺ മസ്ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെന്നും ട്രംപ് പറഞ്ഞു. മസ്‌കുമായി തർക്കം തുടരുന്നതിനിടെയാണ് ഡീപോർട്ട് നടപടികളിൽ ട്രംപിന്റെ മറുപടി വന്നിരിക്കുന്നത്.
മസ്കിനെ നാടുകടത്താൻ കഴിയുമോ എന്ന ചോദ്യത്തിന് എനിക്കറിയില്ലെന്നും നമുക്ക് ഒന്നു നോക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇലോണിനെ ‘ഡോജി’ന് നൽകേണ്ടി വന്നേക്കാം. ഡോജ് എന്താണെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ തലപ്പത്ത് ഇരുന്ന ആളിനെ തന്നെ തിന്നുന്ന ഒരു ഭീകരജീവിയാണ് ഡോജ്. “ഇവി മാൻഡേറ്റ്’ ബില്ലിൽ നിന്ന് ഒഴിവാക്കുമെന്നാണ് ഇലോൺ കരുതിയിരുന്നത്. ആർക്ക് വേണം ഇലക്ട്രിക്ക് കാറുകൾ. എനിക്ക് ഇലക്ട്രിക്ക് കാർ ആവശ്യമില്ല. എനിക്ക് ഗാസൊലീൻ കാറുകളാണ് ഇഷ്‌ടം. ചിലപ്പോൾ ഹൈബ്രിഡ് കാറുകൾ ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ ഹൈഡ്രജൻ കാറുകൾ ആയിരിക്കമെന്നും ട്രംപ് പറഞ്ഞു.
ഇലോൺ മസ്ക‌് എന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. എന്നാൽ അതിനും എത്രയോ മുൻപ് തന്നെ, ഞാൻ വൈദ്യുതി കാറുകൾ നിർബന്ധമാക്കുന്നതിനെ ശക്‌തമായി എതിർക്കുന്ന ആളാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ബില്ലിനെ എതിർക്കുന്നത് പരിഹാസ്യമാണ്. എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ഈ ബില്ലിനെ കുറിച്ചുള്ള വാഗ്ദാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇലോൺ മസ്ക്‌ക് ദക്ഷിണാഫ്രിക്കൻ വംശജനാണെന്ന് സൂചിപ്പിച്ച ട്രംപ്, ഇലോൺ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. ഇലോൺ മസ്‌ക് ട്രംപിൻ്റെ ബില്ല് തീർത്തും ഭ്രാന്താണെന്നും രാഷ്ട്രീയ ആത്മഹത്യയാണെന്നുമായിരുന്നു നേരത്തെ വിശേഷിപ്പിച്ചത്.