സുനിതയുടേയും സംഘത്തിൻ്റേയും മടങ്ങിവരവ്: രാഷ്ട്രീയം കലർത്തി ട്രംപും മസ്കും

വാഷിങ്ടണ്‍: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിതാ വില്യംസിനെയും ബുച്ച് വില്‍മറിനെയും തിരിച്ചെത്തിച്ചതിന് പിന്നാലെ പ്രതികരണവുമായി വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുവരെയും തിരികെ എത്തിക്കുമെന്ന് വാക്ക് നല്‍കിയിരുന്നതാണെന്നും അത് പാലിച്ചെന്നുമാണ് വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘വാക്ക് പറഞ്ഞു, വാക്ക് പാലിച്ചു; പ്രസിഡന്റ് ട്രംപ് ബഹിരാകാശ യാത്രികരെ രക്ഷിക്കുമെന്ന് വാക്ക് നല്‍കിയിരുന്നതാണ്. ഇന്ന് അവര്‍ സുരക്ഷിതരായി ഭൂമിയിലെത്തി’- വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ഇതിനായി പരിശ്രമിച്ച സ്‌പേസ് എക്‌സ്, അതിന്റെ സിഇഒ എലോണ്‍ മസ്‌ക്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ തുടങ്ങിയവര്‍ക്കും വൈറ്റ് ഹൗസ് നന്ദി അറിയിച്ചു.

സുനിത വില്യംസും ബുച്ച് വില്‍മറും ബഹിരാകാശത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാലം കഴിയേണ്ടി വന്നത് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മൂലമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ ജനുവരിയില്‍ ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ട്രംപ് എലോണ്‍ മസ്‌കിനോട് നിര്‍ദ്ദേശിച്ചിരുന്നു. സ്പേസ് എക്സ് അവരെ വേഗത്തിൽ ഭൂമിയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ അത് ബൈഡൻ നിരസിച്ചു എന്ന് മസ്കും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നാസ നിഷേധിച്ചു. അവരെ തിരികെ എത്തിക്കാൻ മാത്രമായി ഒരു മിഷൻ എന്നത് ഭാരിച്ച ചെലവ് വരുത്തും എന്നതിനാലാണ് ദൌത്യം ഇത്രവൈകിച്ചത് എന്ന് നാസ വ്യക്തമാക്കി. നാസയുടെ തീരുമാനത്തോട് സുനിതയും ബുച്ച് വിൽമറും സഹകരിച്ചിരുന്നതായും അവർ അറിയിച്ചു.

സുനിതയേയും സംഘത്തേയും ഭൂമിയിൽ തിരികെ എത്തിച്ച ട്രംപിന് നന്ദി പറഞ്ഞ് ഇലോൺ മസ്കും രംഗത്തുവന്നു. ദൌത്യത്തിൽ പങ്കെടുത്ത നാസയേയും സ്വന്തം സ്ഥാപനമായ സ്പേസ് എക്സിനേയും മസ്ക് അഭിനന്ദിച്ചു.

ഇന്ത്യന്‍ സമയം രാവിലെ 3.30നാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസുള്‍പ്പെടുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് കടലില്‍ ഇറങ്ങിയത്.

Trump and Musk mix politics on the return of Sunita Williams

More Stories from this section

family-dental
witywide