
വാഷിംഗ്ടണ്‍: ചൈനയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിനായി ഒരു കരാറില്‍ എത്തിയതായി ട്രംപ് ഭരണകൂടം. ഇതോടെ യുഎസിലെ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ടിക് ടോക്ക് ഉപയോഗിക്കാം.
സ്‌പെയിനിലെ മാഡ്രിഡില്‍ അമേരിക്കയും ചൈനയും തമ്മില്‍ നടത്തിയ ഏറ്റവും പുതിയ വ്യാപാര ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ടിക് ടോക്കിന് അമേരിക്കയില്‍ തുടരാനാകുമെന്ന പ്രഖ്യാപനം വന്നത്. പത്രസമ്മേളനത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയുമായി ഒരു ഫ്രെയിംവര്‍ക്ക് കരാറില്‍ എത്തിയതിനാല്‍ അമേരിക്കക്കാര്‍ക്ക് ടിക് ടോക്ക് തുടര്‍ന്നും ഉപയോഗിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കരാര്‍ അന്തിമമാക്കുന്നതിന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ചര്‍ച്ചകള്‍ നടത്തുമെന്നും കരാറിന്റെ ലക്ഷ്യം ടിക് ടോക് അമേരിക്കന്‍ ഉടമസ്ഥതയിലേക്ക് മാറുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കരാറിന്റെ നിബന്ധനകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
അതേസമയം, ടിക് ടോക്കിന്റെ ഭാവി ചൈനയുടെ കയ്യിലാണെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ടിക് ടോക്കിന്റെ യുഎസ് ആസ്തികൾ വിൽക്കാനുള്ള സമയപരിധി ട്രംപ് പലതവണ നീട്ടിയിരുന്നു. ജനുവരി മുതല്‍ മൂന്നു തവണയാണ് ട്രംപ് നിരോധനം നീട്ടിയത്. 17 കോടിയിലധികം ഉപയോക്താക്കളാണ് അമേരിക്കയിൽ ടിക് ടോക്കിനുള്ളത്. ടിക് ടോക് തന്നെ തിരഞ്ഞെടുപ്പിൽ സഹായിച്ചിരുന്നതായി ട്രംപ് പ്രസ്താവിച്ചിരുന്നു.